മൊറോക്കോയ്ക്കെതിരായ ആദ്യ മത്സരത്തിലെ സമനിലക്കുരുക്കിന് ശേഷം അഞ്ച് തവണത്തെ ചാമ്പ്യന്മാരായ ബ്രസീല്‍ ലോകകപ്പിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹെയ്തിയെ തകര്‍ത്താണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. സൂപ്പര്‍ താരം നെയ്മറുടെ അഭാവത്തിലും തകര്‍പ്പന്‍ ഫോം പുറത്തെടുത്ത ബ്രസീലിന് ഈ വിജയം വലിയ ആശ്വാസമാണ് നല്‍കുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. മാത്യൂസ് ക്യൂഞ്ഞയുടെ ഇരട്ട ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളുമാണ് കളി ബ്രസീലിന്റെ കൈകളിലാക്കിയത്. മൂന്ന് ഗോളുകളുടെയും ലീഡ് ആദ്യ പകുതിയില്‍ തന്നെ നേടിയ ടീം, ഫൈനല്‍ വിസില്‍ മുഴങ്ങുന്നത് വരെ മികച്ച പ്രതിരോധം കാത്തുസൂക്ഷിച്ച് ഈ വിജയം നിലനിര്‍ത്തുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി വിശ്രമത്തിലുള്ള നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ ഇന്ന് കളത്തിലിറങ്ങിയത്.
ആദ്യ മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനോട് പരാജയപ്പെട്ടിരുന്നെങ്കിലും, ബ്രസീലിനെതിരെ അത്ര എളുപ്പത്തില്‍ കീഴടങ്ങാന്‍ ഹെയ്തി തയ്യാറായിരുന്നില്ല. തങ്ങളുടെ വേഗതയേറിയ കളിശൈലിയിലൂടെ അഞ്ച് തവണത്തെ ചാമ്പ്യന്മാര്‍ക്ക് മികച്ച വെല്ലുവിളി ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. 1974-ന് ശേഷം ആദ്യമായാണ് ഹെയ്റ്റി ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്.
വലിയ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും മുന്നേറ്റ താരം റാഫീഞ്ഞയ്ക്ക് പരിക്കേറ്റത് ബ്രസീല്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് 29-കാരനായ ഈ എഫ് സി ബാഴ്‌സലോണ വിംഗര്‍ക്ക് കളം വിടേണ്ടി വന്നു. കാര്‍ലോ ആന്‍സലോട്ടിയുടെ പരിശീലനത്തിലിറങ്ങുന്ന ടീമിലെ ഏറ്റവും നിര്‍ണായക താരങ്ങളില്‍ ഒരാളാണ് റാഫീഞ്ഞ. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ 18-ല്‍ 13 മത്സരങ്ങളിലും കളിച്ച അദ്ദേഹം, ബ്രസീല്‍ നേടിയ 24 ഗോളുകളില്‍ 5 എണ്ണം സ്വന്തമാക്കി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.
ഹെയ്തിക്കെതിരായ ഈ 3-0 വിജയത്തോടെ മെച്ചപ്പെട്ട ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബ്രസീല്‍ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് ടീമിനുള്ളത്. വരും മത്സരങ്ങളിലും ഇതേ പ്രകടനം തുടരുകയാണ് ബ്രസീലിന്റെ ലക്ഷ്യം. ഈ മാസം 25-ാം തീയതി പുലര്‍ച്ചെ 3.30-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ശക്തരായ സ്‌കോട്ട്ലന്‍ഡാണ് ബ്രസീലിന്റെ എതിരാളികള്‍.
ലോകകപ്പിൽ ബ്രസീലിന് ഉജ്ജ്വല തിരിച്ചുവരവ്; ഹെയ്തിയെ തകർത്തത് എതിരില്ലാത്ത 3 ഗോളുകൾക്ക്; ക്യൂഞ്ഞയ്ക്ക് ഇരട്ട ഗോൾ