ബംഗാളില്‍ 17 വയസ്സുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഹ്ലാദ് ദാസ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഗായ്ഗട്ടയിലാണ് സംഭവം ഒക്ടോബര്‍ 24-ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഒക്ടോബര്‍ 25 ഞായറാഴ്ച രാവിലെയാണ് കണ്ടെത്തിയത്.
തുടര്‍ന്ന് ഒക്ടോബര്‍ 26 തിങ്കളാഴ്ച പ്രതിയായ പ്രഹ്ലാദ് ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 27 ചൊവ്വാഴ്ച പുലര്‍ച്ചെ 3:00 നും 3:30 നും ഇടയില്‍, കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോഴാണ് സംഭവം ഉണ്ടായത്. തെളിവെടുപ്പിനിടെ പ്രതി പെട്ടെന്ന് സബ് ഇന്‍സ്‌പെക്ടറുടെ സര്‍വീസ് റിവോള്‍വര്‍ പിടിച്ചുവാങ്ങി പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വയംരക്ഷയ്ക്കായി പോലീസ് തിരിച്ചു വെടിവെക്കുകയായിരുന്നു. വെടിയേറ്റ പ്രതിയെ ഉടന്‍ തന്നെ ചന്ദ്പാറ റൂറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.
ബംഗാളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു