Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബാലണ്‍ ഡി ഓര്‍ 2026: ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം

ബാലണ്‍ ഡി ഓര്‍ 2026: ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം

ലണ്ടന്‍: ലോക ഫുട്‌ബോളിലെ പരമോന്നത വ്യക്തിഗത ബഹുമതിയായ ബാലണ്‍ ഡി ഓര്‍ 2026 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ പലാഡിയത്തില്‍ നടന്ന ചടങ്ങില്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയിന്‍ പുരുഷവിഭാഗം ബാലണ്‍ ഡി ഓറും, സ്പാനിഷ് താരം അലക്‌സിയ പ്യുട്ടയാസ് വനിതാവിഭാഗം ബാലണ്‍ ഡി ഓറും സ്വന്തമാക്കി. മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡോയില്‍ നിന്നാണ് ഹാരി കെയിന്‍ തന്റെ കരിയറിലെ ആദ്യ ബാലണ്‍ ഡി ഓര്‍ ഏറ്റുവാങ്ങിയത്. 2001-ല്‍ മൈക്കല്‍ ഒവന്‍ പുരസ്‌കാരം നേടിയ ശേഷം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരമെന്ന ചരിത്രനേട്ടവും ഇതിലൂടെ കെയിന്‍ തന്റെ പേരില്‍ കുറിച്ചു.

ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനും ഇംഗ്ലണ്ട് ദേശീയ ടീമിനുമായി നടത്തിയ മാസ്മരിക പ്രകടനമാണ് 33-കാരനായ ഹാരി കെയിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. വിലയിരുത്തല്‍ കാലയളവില്‍ ആകെ 73 ഗോളുകളാണ് കെയിന്‍ അടിച്ചുകൂട്ടിയത്. ബയേണിനായി നേടിയ 61 ഗോളുകളുടെ കരുത്തില്‍ ടീം ബുണ്ടസ്ലിഗ, ജര്‍മ്മന്‍ കപ്പ് കിരീടങ്ങള്‍ സ്വന്തമാക്കി. കൂടാതെ, മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത 2026 ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിനെ നയിച്ചതും 12 ഗോളുകള്‍ നേടിയതും കെയിന്റെ നേട്ടത്തിന് തിളക്കമേറ്റി. പ്രധാന പുരസ്‌കാരത്തിന് അരമണിക്കൂര്‍ മുമ്പ് മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫിയും കെയിന്‍ സ്വന്തമാക്കിയിരുന്നു.

സ്പാനിഷ് മിഡ്ഫീല്‍ഡര്‍ അലക്‌സിയ പ്യുട്ടയാസ് തന്റെ കരിയറിലെ മൂന്നാം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമാണ് ഇത്തവണ കൈക്കലാക്കിയത്. മുമ്പ് 2021, 2022 വര്‍ഷങ്ങളിലും പ്യുട്ടയാസിനായിരുന്നു ഈ ബഹുമതി. ബാഴ്‌സലോണയ്ക്കും സ്‌പെയിന്‍ ദേശീയ ടീമിനുമായി നടത്തിയ മിന്നുന്ന പ്രകടനമാണ് പുട്ടെല്ലാസിനെ വീണ്ടും ഒന്നാമതെത്തിച്ചത്. ഏതു സാഹചര്യത്തിലും സ്വന്തം കഴിവിലും സ്വപ്നങ്ങളിലും വിശ്വസിച്ച് കഠിനാധ്വാനം തുടരാന്‍ യുവതലമുറയോട് ആഹ്വാനം ചെയ്യുന്നതായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടുള്ള പ്യുട്ടയാസിന്റെ പ്രസംഗം.

മികച്ച പുരുഷ ക്ലബ്ബായി ഫ്രഞ്ച് ഭീമന്മാരായ പാരിസ് സെയ്ന്റ് ജെര്‍മെയ്ന്‍ (പി.എസ്.ജി) തിരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യന്‍സ് ലീഗ്, ലീഗ് 1 കിരീടങ്ങള്‍ നിലനിര്‍ത്തിയതാണ് പി.എസ്.ജിയെ വീണ്ടും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. വനിതാ വിഭാഗത്തില്‍ ചാമ്പ്യന്‍സ് ലീഗും ആഭ്യന്തര കിരീടങ്ങളും അടക്കം നാല് ട്രോഫികള്‍ തൂത്തുവാരിയ ബാഴ്‌സലോണയാണ് മികച്ച ക്ലബ്ബായത്. ലീഗ് മത്സരത്തിന്റെ തിരക്കിലായിരുന്ന പി.എസ്.ജി ടീമിന് വേണ്ടി പരിക്കിന്റെ പിടിയിലുള്ള ഒസ്മാന്‍ ഡെംബെലെയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

യുവതാരങ്ങള്‍ക്കുള്ള കോപ്പ ട്രോഫി പുരുഷവിഭാഗത്തില്‍ ബാഴ്‌സലോണയുടെ ലാമിന്‍ യമാല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സ്വന്തമാക്കിയപ്പോള്‍, വനിതാ വിഭാഗത്തില്‍ ബാഴ്‌സയുടെ തന്നെ വിക്കി ലോപ്പസ് തുടര്‍ച്ചയായ രണ്ടാം തവണയും പുരസ്‌കാരം നേടി. മികച്ച ഗോള്‍കീപ്പര്‍മാര്‍ക്കുള്ള യാഷിന്‍ ട്രോഫി സ്‌പെയിനിന്റെ ഉനായ് സിമോണ്‍ (പുരുഷ വിഭാഗം), കറ്റാ കോള്‍ (വനിതാ വിഭാഗം) എന്നിവര്‍ സ്വന്തമാക്കി. സ്‌പെയിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലൂയിസ് ഡി ലാ ഫ്യൂന്റെ മികച്ച പുരുഷ കോച്ചായും, പെരെ റോമെയു മികച്ച വനിതാ കോച്ചായും തിരഞ്ഞെടുക്കപ്പെട്ടു. മെക്‌സിക്കന്‍ താരം ചാര്‍ലിന്‍ കോറലാണ് വനിതകളിലെ മികച്ച സ്‌ട്രൈക്കര്‍.

Related articles

See all
Popular News

വൈഭവ് സൂര്യവംശി ഓപ്പണറായേക്കും; സഞ്ജു മൂന്നാമതിറങ്ങിയേക്കും, ഇഷാൻ പുറത്തുതന്നെ

Popular News

ആവേശം നിറഞ്ഞു, ഗോളില്ലാതെ പിരിഞ്ഞു; ബ്ലാസ്റ്റേഴ്‌സ് - മുംബൈ മത്സരം സമനിലയിൽ

Popular News

ഇന്‍ക്ലൂസീവ് അത്‌ലറ്റിക്‌സോടെ കായികമേളയ്ക്ക് ഇന്ന് ഒദ്യോഗിക തുടക്കം; പ്രധാന പോരാട്ടങ്ങള്‍...

Popular News

മഴയിലും മാറ്റുരയ്ക്കാൻ കൗമാരകേരളം: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കോഴിക്കോട്...

Save your stories

Sign in