തൃശൂർ: മുതിർന്ന സിപിഎം നേതാവും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ ബേബി ജോൺ മാസ്റ്റർ അന്തരിച്ചു. 74 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന അദ്ദേഹം സംസ്ഥാന കമ്മിറ്റി അംഗം, തൃശൂർ ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.
1952ൽ മണലൂർ മണ്ഡലത്തിലെ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായാണ് ബേബി ജോൺ ജനിച്ചത്. 1969 മുതൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ച അദ്ദേഹം 1971ൽ സിപിഎം അംഗമായി.
പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം 1984 മുതൽ 1997 വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986ൽ ജില്ലാ കമ്മിറ്റി അംഗമായി. 1997 മുതൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന അദ്ദേഹം 2006 ജൂലൈയിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു.
കെഎസ്വൈഎഫ് ചാവക്കാട് താലൂക്ക് പ്രസിഡന്റായും ഏഴുവർഷത്തോളം പ്രവർത്തിച്ചു. സിഐടിയുവിൽ ഏരിയ സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെയുള്ള വിവിധ ചുമതലകൾ വഹിച്ചു. ബീഡിത്തൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുണ്ട്.
കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന ഫെഡറേഷൻ ഭാരവാഹി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, യൂണിയൻ സംസ്ഥാന ഫെഡറേഷൻ വൈസ് പ്രസിഡന്റ്, തൃശൂർ ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബേബി ജോൺ അടിയന്തരാവസ്ഥക്കാലത്ത് രണ്ടരമാസത്തോളം ജയിലിൽ കഴിഞ്ഞു. ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലാവുകയും ചെയ്തു.
തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ 1971 മുതൽ അധ്യാപകനായിരുന്നു. പൊലീസ് നടപടികളെ തുടർന്ന് ഒന്നരവർഷത്തോളം സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. 1991ൽ അധ്യാപക ജോലിയിൽനിന്ന് സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.
ചാവക്കാട് നഗരസഭ നിലവിൽ വന്ന കാലത്ത് 1980 മുതൽ 1985 വരെ കൗൺസിലറായും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. 1988ലും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും കള്ള് വ്യവസായ ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി ബേബി ജോൺ ജനവിധി തേടിയിരുന്നു.
ഭാര്യ ഷീല. മാനവൻ (ദേശാഭിമാനി), ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണ ബാങ്ക്) എന്നിവരാണ് മക്കൾ.
ബേബി ജോൺ മാസ്റ്റർ അന്തരിച്ചു; വിടവാങ്ങിയത് മുതിർന്ന സിപിഎം നേതാവും ട്രേഡ് യൂണിയൻ പ്രവർത്തകനും