അയോധ്യ സംഭാവനക്കൊള്ള: വഴിപാട് പണം സ്റ്റോക്ക് മാര്‍ക്കറ്റിലും നിക്ഷേപിച്ചെന്ന് എസ്‌ഐടി; 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തില്‍ നിന്ന് കടത്തിയ വഴിപാട് പണം പ്രതികള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലും നിക്ഷേപിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളുടെയും ഇവരുടെ ബന്ധുക്കളുടെയും ഉള്‍പ്പെടെയുള്ള 30 ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു. അതേസമയം, കേസില്‍ ട്രസ്റ്റ് ഭാരവാഹികളിലേക്ക് അന്വേഷണം നീളില്ലെന്ന പരോക്ഷ സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കി.
ക്ഷേത്രത്തിലെ കാണിക്കപ്പണം ഓഹരി വിപണിയിലിറക്കി പലമടങ്ങാക്കി മാറ്റാനാണ് പ്രതികളായ അവിനാശ് ശുക്ലയും അനുകല്‍പ് മിശ്രയും ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയില്‍ തുടരുന്ന അനുകല്‍പ് മിശ്രയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. തട്ടിയെടുത്ത പണം ഇവര്‍ പലിശയ്ക്ക് നല്‍കുകയും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പ്രതികളെ വീടുകളിലെത്തിച്ച് അന്വേഷണസംഘം വീണ്ടും തെളിവെടുപ്പ് നടത്തി.
കാണിക്കപ്പണം എണ്ണാന്‍ നിയോഗിച്ചിരുന്ന 150 ജീവനക്കാരില്‍ നിലവില്‍ അറസ്റ്റിലായ 8 പേരിലേക്ക് മാത്രമായി അന്വേഷണം ഒതുങ്ങുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. പ്രതിപക്ഷം പറയുന്നത് കേട്ടാല്‍ എല്ലാവരും പ്രതികളാണെന്ന് തോന്നുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ട്രസ്റ്റിന്റെ നേതൃനിരയിലേക്ക് അന്വേഷണം എത്തില്ലെന്ന സൂചനയാണിത്. അതിനിടെ, ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാക്കള്‍ തെളിവ് ഹാജരാക്കിയില്ലെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ യോഗി സര്‍ക്കാര്‍ കേസെടുത്തു തുടങ്ങിയെന്നും എന്നാല്‍ പ്രതിപക്ഷം നല്‍കിയ പരാതികളില്‍ നടപടിയൊന്നുമില്ലെന്നും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു.
അതേസമയം, ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലെ സമാനമായ കൊള്ളയില്‍ ക്ഷേത്ര സമിതി ചെയര്‍മാന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് പ്രമോദ് നൊത്യാലിനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ജോഷിമഠിലെ ക്ഷേത്രത്തിലും ജോലി നോക്കിയിരുന്ന ഇയാള്‍ അവിടെയും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ ക്ഷേത്ര ജീവനക്കാരും ചെയര്‍മാനും നിലവില്‍ അന്വേഷണ പരിധിയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.