ലഖ്നൗ: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്ക് ലഭിച്ച സംഭാവനകളില്‍ കോടികളുടെ ക്രമക്കേട് നടത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം വിജിലന്‍സ് കോര്‍ട്ടിന് മുന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചു.അറസ്റ്റിലായ എട്ട് പ്രതികള്‍ക്കെതിരെ 7,000-ത്തിലധികം പേജുകള്‍ അടങ്ങുന്ന വിശദമായ കുറ്റപത്രമാണ് എസ്.ഐ.ടി തയ്യാറാക്കിയിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍, ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍, സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, പ്രതികളില്‍ നിന്ന് കണ്ടെടുത്ത പണവും സ്വത്തുക്കളും തുടങ്ങിയ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് ട്രസ്റ്റ് ഭാരവാഹികളും ബാങ്ക് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 173 സാക്ഷികളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പണം എണ്ണുന്ന മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതില്‍ നിന്ന്, അനുമതിയില്ലാതെ പണം മാറ്റുകയും ഒളിപ്പിക്കുകയും ചെയ്തതായുള്ള 105 സംഭവങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. ഇത് കുറ്റപത്രത്തിലെ പ്രധാന തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം, കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായ്, മുന്‍ ട്രസ്റ്റി അനില്‍ മിശ്ര എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കര്‍ യാദവ് (ടിന്നു) എന്നീ എട്ട് പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13 (എ) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.