കോഴിക്കോട്: ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പത്ത് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഓട്ടോ ഡ്രൈവറായ ഏലത്തൂര്‍ സ്വദേശിയായ രാജേഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സിഐടിയു പ്രവര്‍ത്തകര്‍ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഇടാന്‍ രാജേഷിനെ സമ്മതിച്ചില്ല. തുടര്‍ച്ചയായ ഭീഷണിയും മര്‍ദ്ദനവും സഹായിക്കാന്‍ കഴിയാതെ വന്നതോടെയാണ് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. രാജേഷ് രണ്ടാഴ്ച മുന്‍പാണ് ഓട്ടോയെടുത്തത്. വായ്പയെടുത്ത് വാങ്ങിയ ഓട്ടോ സ്റ്റാന്‍ഡില്‍ ഇടാന്‍ സമ്മതിക്കാതിരുന്നത് രാജേഷിനെ വിഷമത്തിലാക്കി.
രാജേഷ് ഓട്ടോ ഓടിക്കാനുള്ള പെര്‍മിറ്റ് എടുത്ത് എത്തിയപ്പോള്‍ മുതല്‍ മറ്റ് ഡ്രൈവര്‍മാര്‍ എതിര്‍പ്പുമായി വന്നു. രാജേഷിന്റെ ഓട്ടോ ആ സ്റ്റാന്‍ഡില്‍ ഇടാന്‍ അനുവദിക്കില്ലെന്നും രാജേഷിന്റെ രോഗിയായ ഭാര്യയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. രാജേഷിനെ കഴിഞ്ഞ ദിവസം ഒരു സംഘമാളുകള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്നാണ് രാജേഷ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
എഴുപത് ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രാജേഷിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏലത്തൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സിഐടിയു, സിപിഎം പ്രവര്‍ത്തകരായ പത്ത് പേര്‍ക്കെതിരെയാണ് ഏലത്തൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.