തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത വിവിധ നിർമാണപ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ അതൃപ്തി അറിയിച്ച് മന്ത്രി പി.കെ.ബഷീർ. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഫെബ്രുവരിക്കകം നിർമാണം അവസാനിപ്പിക്കണമെന്നും മന്ത്രി കർശന നിർദേശം നൽകി.
പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കെഎസ്ടിപി എന്നിവയുടെ കീഴിൽ നടപ്പാക്കുന്ന വിവിധ നിർമാണപ്രവർത്തനങ്ങളാണ് നിലവിൽ വൈകുന്നത്. റോഡുകൾ, പാലങ്ങൾ, ഫ്ലൈഓവറുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടുപോകുന്നില്ല. കൂടുതലായും കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ വിവിധ പദ്ധതികളാണ് ഇഴഞ്ഞുനീങ്ങുന്നത്. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ ഇത്തരത്തിൽ നീണ്ടുപോകുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പദ്ധതികളുടെ നിലവിലെ സ്ഥിതിയും നിർമാണ പുരോഗതിയും വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി കർശന നിർദേശം നൽകിയത്. കേരളത്തിലെ പ്രവൃത്തികൾ സമയത്ത് പൂർത്തിയാക്കുന്നതിന് മുൻഗണന നൽകാതെ മറ്റ് സംസ്ഥാനങ്ങളിലും വലിയ പദ്ധതികൾ ഏറ്റെടുക്കുന്ന സൊസൈറ്റിയുടെ സമീപനത്തിലും മന്ത്രി പി.കെ.ബഷീർ വിമർശനം ഉന്നയിച്ചു. ഫെബ്രുവരിക്കുള്ളില് തന്നെ ഏറ്റെടുത്ത മുഴുവന്‍ പ്രവൃത്തികളും പൂർത്തിയാക്കണമെന്നാണ് ഊരാളുങ്കലിന് നല്‍കിയിരിക്കുന്ന നിർദേശം.