അനധികൃത മദ്യം കൈവശം വച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പോര്‍ട്ടര്‍ ടി.വി ഉടമ ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആന്റോയെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് എസ്.ഐ.ടി കോടതിയോട് ആവശ്യപ്പെടും. മുന്‍പ് സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ജയിലില്‍ കഴിയുന്ന ആന്റോയ്ക്ക് ഹൈക്കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം ലഭിച്ചിരുന്നില്ല.
മദ്യം പിടിച്ചെടുത്ത വീട് തന്റേതല്ലെന്ന ആന്റോയുടെ വാദത്തില്‍, വീടിന്റെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടും പ്രതിഭാഗത്തോടും നിര്‍ദേശിച്ചിട്ടുണ്ട്. ഈ രേഖകള്‍ പരിശോധിച്ച ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയ കോടതി, ചൊവ്വാഴ്ചയ്ക്കകം കസ്റ്റഡി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.
അതേസമയം, മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരായ കുറ്റപത്രം ഇന്ന് ചോറ്റാനിക്കര കോടതിയില്‍ വായിച്ചുകേള്‍പ്പിക്കും. കേസിലെ വിചാരണ തടയണമെന്ന ആവശ്യപ്പെട്ട് അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇതിനുപുറമെ, മെസി സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കായിക വകുപ്പ് ഉദ്യോഗസ്ഥരെയും മുന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാനെയും ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി അന്വേഷണം വേഗത്തിലാക്കി. ജി.എസ്.ടി ഉദ്യോഗസ്ഥരില്‍ നിന്നും സംഘം മൊഴിയെടുത്തിട്ടുണ്ട്.
അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ച കേസ്: ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡി ആവശ്യപ്പെടാന്‍ കസ്റ്റംസ് എസ്ഐടി