കല്പറ്റ: കാര്‍ഷിക മേഖലയെ കൂടുതല്‍ ആദായകരമാക്കി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ സംഘടിപ്പിച്ച അഗ്രി ടെക്നോളജി മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ്, അഗ്രോ മെഷിനറി സര്‍വീസ് ആന്‍ഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് യൂണിറ്റുകള്‍ എന്നിവയുടെ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹണവും മന്ത്രി നിര്‍വ്വഹിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറോളം കര്‍ഷകര്‍ക്ക് കൃഷി വകുപ്പും ഫ്യൂസിലേയ് ഫ്ളയിങ് സ്റ്റാര്‍ട്ടപ്പും സംയുക്തമായി ഡ്രോണ്‍ പൈലറ്റിംഗ് പരിശീലനവും ലൈസന്‍സിങ്ങും നല്‍കും. ആദ്യഘട്ടത്തില്‍ വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കണ്ണുര്‍ ജില്ലകളിലെ 20 പേര്‍ക്ക് വീതം ലൈസന്‍സ് നല്‍കുകയാണ് ലക്ഷ്യം. വിളകളുടെ നിരീക്ഷണം, കൃഷിയിടങ്ങളുടെ വിലയിരുത്തല്‍, സ്പ്രേയിങ് എന്നിവയ്ക്ക് ഡ്രോണുകള്‍ പ്രയോജനപ്പെടും. കൂടാതെ, തമിഴ്‌നാട് കമ്മം മാതൃകയില്‍ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കീടനാശിനി പ്രയോഗം കുറച്ച് വിളവ് വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയ കേരളത്തിലും നടപ്പിലാക്കുമെന്നും കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയും നേരിടാന്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമായി കൃഷിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. ഇതിനായി ആദ്യ ഘട്ടത്തില്‍ 500 സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കുകയും അടുത്ത അധ്യയന വര്‍ഷത്തില്‍ ഇത് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും. കൂടാതെ വന്യമൃഗ ആക്രമണത്താല്‍ വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിനായി 192 കോടി രൂപ സര്‍ക്കാര്‍ മാറ്റിവെച്ചതായും, വന്യമൃഗശല്യം തടയുന്നതിന് പ്രത്യേക കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
കൃഷിപ്പണികളില്‍ ഉണ്ടാകുന്ന കാലതാമസവും ചെലവും ഒഴിവാക്കാന്‍ കര്‍ഷകരുടെ അടുക്കലേക്ക് സാങ്കേതിക സേവനങ്ങള്‍ എത്തിക്കുന്ന മൊബൈല്‍ അഗ്രോ മെഷിനറി സര്‍വീസ് യൂണിറ്റുകള്‍ ആരംഭിക്കും. ഇതിലൂടെ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാകും. ചടങ്ങില്‍ സ്മാം വനിതാ കര്‍ഷ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണനും, കര്‍ഷക ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസയും നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.ജെ. സീന, സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍ ആര്‍. ജയരാജന്‍ തുടങ്ങി നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്