ഡെറാഡൂണ്‍: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദ്രിനാഥ് ക്ഷേത്രത്തിലും കാണിക്കക്കൊള്ള ആരോപണം. ബദ്രിനാഥ് - കേദാര്‍നാഥ് ക്ഷേത്ര സമിതിയിലെ മുതിര്‍ന്ന ജീവനക്കാരന്‍ സംഭാവനപ്പണം മോഷ്ടിച്ചെന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര കമ്മിറ്റി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
'ഭൈരവ് സേന' എന്ന സംഘടനയാണ് ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട ആരോപണം ആദ്യം ഉന്നയിച്ചതും ഗൗരവമായ അന്വേഷണം ആവശ്യപ്പെട്ടതും. ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിനെതിരെയാണ് പ്രധാനമായും ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ആരോപണവിധേയന്‍ നിലവിലെ ചെയര്‍മാന്റെ പേഴ്‌സണല്‍ സെക്രട്ടറിയല്ലെന്നും, ബികെടിസിയിലെ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരന്‍ മാത്രമാണെന്നും സമിതി പ്രസിഡന്റ് ഹേമന്ദ് ദ്വിവേദി വിശദീകരിച്ചു. അതേസമയം, ഇയാള്‍ കഴിഞ്ഞ മൂന്ന് ക്ഷേത്രക്കമ്മിറ്റി ചെയര്‍മാന്‍മാരുടെയും പേഴ്‌സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നതായി ഹേമന്ദ് ദ്വിവേദി സ്ഥിരീകരിച്ചു.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിനായി ഒരു പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ബികെടിസി പ്രസിഡന്റ് അറിയിച്ചു. ആരോപണവിധേയനായ ജീവനക്കാരനോട് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റം തെളിഞ്ഞാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിലവില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ക്ഷേത്രത്തിനുള്ളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമല്ലെന്ന് ക്ഷേത്ര കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സോഹന്‍ സിങ് രംഗദ് പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കാര്യങ്ങള്‍ ബികെടിസി ചെയര്‍മാനെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യയ്ക്ക് പിന്നാലെ ബദ്രിനാഥിലും സംഭാവനക്കൊള്ള ആരോപണം; ക്ഷേത്ര സമിതി ജീവനക്കാരനെതിരെ അന്വേഷണം