Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

താരപ്രഭയില്‍ നിന്ന് ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക്; രവീന്ദ്രന്റെ നാല് പതിറ്റാണ്ട് നീളുന്ന സിനിമയാത്ര

താരപ്രഭയില്‍ നിന്ന് ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക്; രവീന്ദ്രന്റെ നാല് പതിറ്റാണ്ട് നീളുന്ന സിനിമയാത്ര

കൊച്ചി: വെള്ളിത്തിരയിലെ ജനപ്രിയ നടനില്‍ നിന്ന് ചലച്ചിത്ര ക്യൂറേറ്റര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍, സിനിമാ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളിലേക്ക് വളര്‍ന്ന രവീന്ദ്രന്റെ നാല് പതിറ്റാണ്ടിലേറെ നീളുന്ന ചലച്ചിത്രയാത്ര ശ്രദ്ധേയമാകുന്നു. സിനിമയെ കേവലം വിനോദ മാധ്യമമായി കാണാതെ അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിനും പഠനത്തിനുമുള്ള ഇടമാക്കി മാറ്റിയതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സവിശേഷത.

തൃപ്പൂണിത്തുറയില്‍ ഏലിയാസിന്റെയും ഡോ. സാറാമ്മയുടെയും മകനായി ജനിച്ച രവീന്ദ്രന്‍ ചെന്നൈയിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് അഭിനയം പഠിച്ചിറങ്ങിയത്. 1980-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 'ഒരു തലൈ രാഗ'ത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ അദ്ദേഹം തുടര്‍ന്ന് തമിഴിലും മലയാളത്തിലും സജീവ സാന്നിധ്യമായി. രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം സകലകലാ വല്ലവന്‍, രാം ലക്ഷ്മണ്‍, രംഗ, പൊക്കിരി രാജ, തങ്കമകന്‍, പെര്‍ സൊല്ലും പിള്ളൈ തുടങ്ങിയ ശ്രദ്ധേയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ അശ്വരഥം, ഈ നാട്, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, ഇന്നലെ ഇന്നെങ്കില്‍, സിന്ദൂരസന്ധ്യയ്ക്ക് മൗനം, അതിരാത്രം, ഇടനിലകള്‍ എന്നീ ചിത്രങ്ങളിലൂടെ ജനകീയ സ്വീകാര്യത നേടി.

അഭിനയരംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴും ലോകസിനിമയെ കൂടുതല്‍ ഗൗരവത്തോടെ പഠിക്കാനുള്ള ശ്രമങ്ങളിലായിരുന്നു അദ്ദേഹം. അഡയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനവും പിന്നീട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചലച്ചിത്രാസ്വാദന കോഴ്‌സും സിനിമയുടെ സൗന്ദര്യശാസ്ത്രത്തെ കുറിച്ച് ആഴത്തിലുള്ള അറിവ് അദ്ദേഹത്തിന് നല്‍കി. ജോണ്‍ എബ്രഹാം, ഭരതന്‍ തുടങ്ങിയ പ്രമുഖ സംവിധായകരുമായുള്ള സംവാദങ്ങളും സത്യജിത് റേയുടെ ഛായാഗ്രാഹകനായ സൗമേന്ദു റോയിയോടൊപ്പം പ്രവര്‍ത്തിച്ച അനുഭവവും അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് സിനിമയുടെ മറ്റ് മേഖലകളിലേക്ക് കടക്കാന്‍ അദ്ദേഹത്തിന് പ്രേരണയായി.

സിനിമയെ പ്രേക്ഷകരിലേക്ക് സാംസ്‌കാരികമായി എത്തിക്കുന്നതില്‍ മികച്ച ക്യൂറേറ്റോറിയല്‍ സമീപനമാണ് രവീന്ദ്രന്‍ സ്വീകരിച്ചത്. മണ്‍സൂണ്‍ സിനി ഫെസ്റ്റ്, പീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സ്വരലയ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അദ്ദേഹം സിനിമയെക്കുറിച്ചുള്ള സംവാദങ്ങള്‍ക്കും പഠനങ്ങള്‍ക്കും പുതിയ ഇടമൊരുക്കി. പുതുതലമുറയിലെ സംവിധായകര്‍ക്കും ഹ്രസ്വചിത്ര പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി കൊച്ചി മെട്രോ മലയാളം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയും അതിന്റെ ഫെസ്റ്റിവല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു. പുതിയ പ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് അനുയോജ്യമായ വേദിയൊരുക്കാനും ഈ പ്രസ്ഥാനത്തിലൂടെ സാധിച്ചു.

കേരളത്തിന് പുറമെ ഗള്‍ഫ് മേഖലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. ബഹ്‌റൈന്‍, യു.എ.ഇ., സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി സമൂഹത്തെയും മലയാള സിനിമയെയും അന്താരാഷ്ട്ര ചലച്ചിത്ര പ്രവര്‍ത്തകരുമായി ബന്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വിവിധ സര്‍വകലാശാലകളിലും സാംസ്‌കാരിക വേദികളിലും സെമിനാറുകള്‍ സംഘടിപ്പിച്ച അദ്ദേഹം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ദൃശ്യസാക്ഷരതയെയും സിനിമയിലെ ദൃശ്യങ്ങളുടെ അര്‍ത്ഥവായനയെയും കുറിച്ച് ശില്‍പ്പശാലകള്‍ നയിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള നിരവധി പഠനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമയ്ക്ക് അനുയോജ്യമായ വേദിയും പ്രേക്ഷകരെയും സംവാദപരിസരവും സൃഷ്ടിക്കുന്ന രവീന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്തും വലിയ അംഗീകാരമാണ് ലഭിക്കുന്നത്.

Related articles

See all
Popular News

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ; 24 ചിത്രങ്ങള്‍ക്കു കൂടി പ്രദര്‍ശനാനുമതി

Popular News

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, വൈസ് ചെയർപേഴ്സണായി പ്രിയങ്ക നായർ

Popular News

മലരേ മൗനമാ... മൗനമേ വേദമാ... തലമുറകളെ കീഴടക്കിയ ആ ശബ്ദം നിലച്ചിട്ട് ആറുവര്‍ഷം; ഓര്‍മ്മകളി...

Popular News

ലിജോമോൾ നായികയായി വിജയ് സേതുപതിക്കൊപ്പം ,അറ്റ്‌ലി നിർമിക്കുന്ന 'ബത്ത'യുടെ ട്രെയിലർ പുറത്ത്

Save your stories

Sign in