ആശാവർക്കർമാരുടെ സേവനം അനുഭവിച്ചിട്ടില്ലാത്ത ഒരു മലയാളി പോലും ഇന്ന് കേരളത്തിൽ ഉണ്ടായിരിക്കില്ലെന്ന് പ്രശസ്ത ചലച്ചിത്രതാരം പ്രേംകുമാർ. കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിൽ പകർച്ചവ്യാധികളുടെയും പ്രതിസന്ധികളുടെയും പ്രാണഭയത്താൽ മനുഷ്യർ വീടുകൾക്കുള്ളിൽ കഴിഞ്ഞപ്പോൾ, ജനങ്ങളെ സംരക്ഷിക്കുന്നതിനായി ജീവൻ പോലും പണയം വെച്ച് തെരുവിലിറങ്ങി ഓടിനടന്നവരാണ് നമ്മുടെ ആശാവർക്കർമാർ. ഏത് കടുത്ത പ്രതിസന്ധികളിലും തളർന്നുപോകാതെ അവർ കാണിച്ച ആത്മവിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും വിജയമാണ് ഈ നിമിഷമെന്ന് പ്രേംകുമാർ വ്യക്തമാക്കി.
യുഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ എല്ലാം കൃത്യമായി നടപ്പിലാക്കുമെന്ന കാര്യത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അധികാരത്തിൽ വന്നയുടൻ തന്നെ ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കാൻ സർക്കാർ കാണിച്ച ആർജ്ജവം. പ്രത്യാശയുടെ പ്രതീകങ്ങളായ ആശാപ്രവർത്തകരെ ഹൃദയത്തോട് ചേർത്തുപിടിച്ചുകൊണ്ട് അവർക്ക് താൻ അഭിവാദ്യങ്ങൾ അർപ്പിക്കുകയാണെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.