ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി അഭിരാമിനെ (17) ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഉമറിന്റെ കാമുകി ഐശ്വര്യ അറസ്റ്റില്‍. ഗൂഢാലോചനയില്‍ ഐശ്വര്യയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതോടെ കേസില്‍ റിമാന്‍ഡിലായവരുടെ എണ്ണം നാലായി.
സിനിമയെ വെല്ലുന്ന ആസൂത്രണമാണ് കൊലപാതകത്തിനായി ഉമറും കാമുകിയും ചേര്‍ന്ന് നടത്തിയത്. കൊലപാതകം നടക്കുമ്പോള്‍ പാങ്ങപ്പാറയിലെ സംഭവസ്ഥലത്ത് താനുണ്ടായിരുന്നുവെന്ന് പോലീസ് അറിയാതിരിക്കാന്‍ ഉമര്‍ വലിയ തന്ത്രമാണ് മെനഞ്ഞത്. കൃത്യത്തിന് പോകുന്നതിന് മുന്‍പ് ഉമര്‍ കാമുകി ഐശ്വര്യയെ ഫോണില്‍ വിളിച്ച് കണക്ട് ചെയ്ത ശേഷം മൊബൈല്‍ ഫോണ്‍ സ്വന്തം വീട്ടില്‍ വെച്ചു. ഈ സമയം ഐശ്വര്യ കോള്‍ കട്ട് ചെയ്യാതെ ഹോള്‍ഡ് ചെയ്തു വെക്കുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഉമര്‍ വീട്ടിലുണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുമായിരുന്നു ഈ നീക്കം.
തുടര്‍ന്ന് സിസിടിവി ക്യാമറകളില്‍ പെടാതെ സഞ്ചരിച്ച് 17 കാരനായ പ്രതിക്കൊപ്പം ചേര്‍ന്ന് ഉമര്‍, അഭിരാമിനെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം വിവരം ഐശ്വര്യയെ അറിയിക്കുകയും, കൊലപാതകം നടത്തിയത് 17 കാരന്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരുവരും തമ്മില്‍ വ്യാജ ചാറ്റുകള്‍ ഉണ്ടാക്കുകയും ചെയ്തു. 17 കാരനോട് കുറ്റം ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചതും ഉമറാണ്. കൊല നടത്തുമ്പോള്‍ 17 കാരന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. എന്നാല്‍ അഭിരാമിനെ പുറത്തേക്ക് വിളിച്ചിറക്കാന്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്താനായി തോടുകളിലും കുറ്റിക്കാടുകളിലും പോലീസ് തെരച്ചില്‍ തുടരുകയാണ്.
ടവര്‍ ലൊക്കേഷന്‍ മാറ്റാന്‍ വ്യാജ കോള്‍; അഭിരാം കൊലക്കേസില്‍ മുഖ്യപ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ