തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലകേസില്‍ രണ്ടാം പ്രതിയായ ഉമര്‍ മുഫ്താറിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷ്ണറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘം ആദ്യം ഉമറിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കൊല നടന്ന ആളൊഴിഞ്ഞ വയലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടികരഞ്ഞ ഉമര്‍ തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും, കൊല്ലപ്പെട്ട അഭിറാമിനെ തനിക്ക് അറിയില്ലെന്നും പറഞ്ഞു. ഉമറിനെ നാളെ വീണ്ടും കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
കേസില്‍ റിമാന്‍ഡിലായിരുന്ന ഉമറിനെയും മൂന്നാം പ്രതിയായ മണക്കാട് സ്വദേശിനി ആനന്ദയെയും ശനിയാഴ്ചയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഉമറിന്റെ സഹായത്തോടെയാണ് ഒന്നാം പ്രതി അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസില്‍ ഉമറിന്റെ കാമുകി ഐശ്വര്യയും പ്രതിയാണ്. ഒന്നാം പ്രതിയെയും ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ഒന്നാം പ്രതി അഭിരാമിനെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഭിരാമിന്റെ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് പ്രതികള്‍ പദ്ധതിയിട്ടതെങ്കിലും അഭിരാം കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
അതേസമയം, 17-കാരനായ ഒന്നാം പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നും സ്‌കൂളില്‍ അഭിരാമിന്റെ സീനിയറായി പഠിച്ചയാളാണെന്നും ചൂണ്ടിക്കാട്ടി അഭിരാമിന്റെ കുടുംബം ഒന്നാം പ്രതിയുടെ പ്രായത്തില്‍ സംശയം ഉന്നയിച്ചിട്ടുണ്ട്.