തിരുവനന്തപുരം: സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ നടപടികള്‍ക്കായി പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി അനുഭാവികളില്‍ നിന്നും ഇരുപതിനായിരത്തിലേറെ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ലഭിച്ചു. വാട്‌സാപ്പ് വഴി 17,000-ത്തിലധികം പേരും ഇ-മെയിലിലൂടെ 2,300 പേരും പാര്‍ട്ടി വെബ്‌സൈറ്റ് വഴി മുന്നൂറിലേറെപ്പേരുമാണ് പ്രതികരിച്ചത്. ഇവയിലെ വ്യക്തിപരമായ ആക്ഷേപങ്ങളും ആവര്‍ത്തനങ്ങളും ഒഴിവാക്കി, പ്രായോഗികമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിന് ചൊവ്വാഴ്ച സംസ്ഥാന കമ്മിറ്റി അന്തിമാംഗീകാരം നല്‍കും.
സമൂഹമാധ്യമങ്ങളില്‍ പ്രാദേശിക നേതാക്കള്‍ കൂടുതല്‍ സജീവമാകണമെന്നും മാധ്യമ ബഹിഷ്‌കരണം അവസാനിപ്പിച്ച് ചര്‍ച്ചകളില്‍ പാര്‍ട്ടി നിലപാട് വ്യക്തമായി അവതരിപ്പിക്കണമെന്നും ജനങ്ങളില്‍ നിന്ന് നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. അതേസമയം, മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പരസ്യ വാക്‌പോരുകള്‍ പുതിയ വിഭാഗീയതയിലേക്ക് വഴിവെക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് നേതൃത്വത്തിന്റെ ധാരണ.
തെറ്റുതിരുത്തലിനായി സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരടു റിപ്പോര്‍ട്ട് തികച്ചും അപൂര്‍ണ്ണവും ശുഷ്‌കവുമാണെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി നേരിട്ട തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ യഥാര്‍ത്ഥ കാരണങ്ങളോ സംഘടനാപരമായ വീഴ്ചകളോ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവുകള്‍ ഉള്‍പ്പെടെ കനത്ത തോല്‍വിയിലേക്ക് നയിച്ച കാരണങ്ങള്‍ കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തിയിരുന്നുവെങ്കിലും, കരടു റിപ്പോര്‍ട്ടില്‍ ഇത് ഒഴിവാക്കപ്പെട്ടു. ബ്രാഞ്ചുകള്‍ ശക്തിപ്പെടുത്തണം, ജനബന്ധം മെച്ചപ്പെടുത്തണം തുടങ്ങിയ പരമ്പരാഗത നിര്‍ദേശങ്ങള്‍ക്കപ്പുറം പ്രായോഗികമായ പരിഹാരമാര്‍ഗ്ഗങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല. തുറന്ന സ്വയംവിമര്‍ശനത്തോടെ റിപ്പോര്‍ട്ടിന്റെ ഘടന ആകെ മാറ്റണമെന്ന് പി. ജയരാജന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.ബി. രാജേഷ്, ടി.വി. രാജേഷ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
തെറ്റുതിരുത്താന്‍ ലഭിച്ചത് 20,000-ത്തിലധികം പ്രതികരണങ്ങള്‍; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം