സി.ബി.എസ്.ഇ സ്‌കൂളുകൾക്ക് അംഗീകാരത്തിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

Jaihind Webdesk
Friday, October 19, 2018

പുതിയ സ്‌കൂളുകൾക്ക് സി.ബി.എസ്.ഇ അംഗീകാരം നേടുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ നടപടി. കായിക പരിശീലനം പോലുള്ള കാര്യങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ളതാവും പുതിയ പരിഷ്‌കരണമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും അനുമതി പത്രം നേടിക്കൊണ്ടു മാത്രമുള്ള സി.ബി.എസ്.ഇ അംഗീകാരം ഇനിമുതൽ നടപ്പാകില്ല. സംസ്ഥാനങ്ങൾക്ക് പകരം ജില്ലാ വിദ്യാഭ്യാസ ഓഫീസറാകും ഇനി മുതൽ സ്‌കൂളുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുക. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും ബോർഡ് അംഗീകാരം നൽകുക. നടപടി ക്രമങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും നടപ്പാക്കാൻ സി.ബി.എസ്.ഇ ബൈലോ പരിഷ്‌കരിക്കും. ഇതിനായി നടപടി ക്രമങ്ങൾ പൂർണമായും ഓൺലൈനാക്കും. ബോർഡിന്‍റെ അംഗീകാരം ലഭിക്കുന്ന സ്‌കൂളുകളിൽ ഏകീകൃത ഫീസ് ഘടന നടപ്പാക്കും. യൂണിഫോമും പുസ്തകങ്ങളും ഏതെങ്കിലും പ്രത്യേക വ്യാപാര സ്ഥാപനത്തിൽനിന്നും വാങ്ങാൻ സ്‌കൂളുകൾ നിർദേശിക്കാൻ പാടില്ലെന്നും മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നു.

നിലവിൽ രാജ്യമൊട്ടാകെ സി.ബി.എസ്.ഇ അംഗീകാരമുള്ള 20,700 സ്‌കൂളുകളുണ്ടെന്നും ഓരോ വർഷവും പുതിയ സ്‌കൂളുകൾ ആരംഭിക്കാനായി 2000 മുതൽ 2500 വരെ അപേക്ഷകൾ ബോർഡിന് മുമ്പാകെ വരുന്നുണ്ട്. 2007 മുതൽ 8000ത്തോളം അപേക്ഷകൾ അനുമതി കാത്ത് കിടക്കുന്നുണ്ട്.[yop_poll id=2]