‘എന്തൊക്കെയാണ് നടക്കുന്നത് ? രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു ; അർണബിന്‍റെ ചാറ്റിന് മോദിയും ഷായും ഉത്തരം നല്‍കണം’ : മഹുവ മൊയ്ത്ര

Jaihind News Bureau
Sunday, January 17, 2021

 

കൊല്‍ക്കത്ത : റിപ്പബ്ലിക് ടി.വി എഡിറ്റർ ഇന്‍ ചീഫ് അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് മുന്‍ സി.ഇ.ഒ പാര്‍ത്ഥോ ദാസ് ഗുപ്തയും നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

ബലാകോട്ട് ആക്രമണത്തെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുന്നതിനെക്കുറിച്ചും റിപ്പബ്ലിക് ടി.വി എഡിറ്റർ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സര്‍ക്കാര്‍ മുന്‍കൂട്ടി വിവരം നല്‍കിയെന്നത് പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റിലൂടെ വ്യക്തമാണെന്ന് മഹുവ  ട്വിറ്ററില്‍ കുറിച്ചു.

‘രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു. ബലാകോട്ട് ആക്രമണത്തെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും ടി.വി അവതാരകന് കേന്ദ്രസർക്കാർ മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയെന്ന് പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റ് വ്യക്തമാക്കുന്നു. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് ? മോദിയും ഷായും നമുക്ക് ഉത്തരം നല്‍കാന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ഞാന്‍ മാത്രമാണോ? ‘ –  മഹുവ ചോദിച്ചു.

രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ബാധ്യസ്ഥരാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു.

 

ബലാകോട്ട് നേരത്തെ അറിഞ്ഞിരുന്നു ; കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി അർണബിന്‍റെ വാട്സ്ആപ്പ് ചാറ്റ് ; വിവാദം