പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 78.69% വിജയം, കഴിഞ്ഞ വർഷത്തേക്കാള്‍ 4.26 % കുറവ്

Jaihind Webdesk
Thursday, May 9, 2024

 

തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 78.69 ശതമാനമാണ്  പ്ലസ്ടുവിന്‍റെ വിജയശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.26 ശതമാനം കുറവാണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.

സേ പരീക്ഷയുടെ വിജ്ഞാപനം ഇന്ന് തന്നെ പുറത്തിറക്കും.  നാല് ലക്ഷത്തി നാൽപത്തിയൊന്നായിരത്തി ഒരുന്നൂറ്റി ഇരുപത് വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 29,300 പേരാണ് വി എച്ച് എസ്ഇ പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്നിനാണ് ഹയര്‍സെക്കന്‍ററി മൂല്യ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളിൽ 25000 ത്തോളം അധ്യാപകര്‍ പ്ലസ് വൺ പ്ലസ് ടു മൂല്യനിര്‍ണ്ണയത്തിൽ പങ്കെടുത്തു. വൊക്കേഷണൽ ഹയര്‍സെക്കന്‍ററി റഗുലര്‍ വിഭാഗത്തിൽ 27798 കുട്ടികളും 1,502 കുട്ടികൾ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.