പൂജയ്ക്കും നിവേദ്യത്തിനും അരളിപ്പൂവ് വേണ്ട; ഉത്തരവിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

Jaihind Webdesk
Thursday, May 9, 2024

 

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഇനി മുതല്‍  നിവേദ്യത്തിലും അര്‍ച്ചന പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്ന് ഉത്തരവിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനുവരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു. ഇതിൽ ഭക്തജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. അരളിക്ക് പകരം തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കാം.

അതേസമയം, അരളിപ്പൂവ് പൂര്‍ണമായും  ക്ഷേത്ര ആവശ്യങ്ങളില്‍നിന്നും ഒഴിവാക്കില്ല. അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാര്‍ത്തല്‍, പുഷ്പാഭിഷേകം, പൂമൂടല്‍ പോലെയുള്ള ചടങ്ങുകള്‍ എന്നിവയ്‌ക്കെല്ലാം ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന്‍റെ ഉപയോഗം തുടരും. കഴിക്കുന്ന പ്രസാദത്തിനൊപ്പവും നെറ്റിയില്‍ തൊടുന്ന പ്രസാദത്തിനൊപ്പവും അരളിപ്പൂവ് ഭക്തജനങ്ങള്‍ക്ക് കൈയില്‍ കിട്ടുമ്പോള്‍ അത് ശരീരത്തിനുള്ളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. ഈ സാധ്യത കണക്കിലെടുത്താണ് അരളിപ്പൂവ് നിവേദ്യത്തില്‍നിന്നും അര്‍ച്ചനയില്‍നിന്നും ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം വലിയ ചര്‍ച്ചയായത്. ഇതിന് ശേഷം പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തതിന് പിന്നിലും അരളിപ്പൂവാണ് കാരണമെന്ന സംശയവും ഉയര്‍ന്നുവന്നു. വന ഗവേഷണകേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക. സംസ്ഥാനത്തു ചില ക്ഷേത്രങ്ങളിൽ അരളി നേരത്തേ തന്നെ ഒഴിവാക്കിയിട്ടുണ്ട്.