എയർ ഇന്ത്യ സമരം എത്രയും വേ​ഗം ഒത്തുതീർപ്പാക്കണം: രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, May 9, 2024

 

തിരുവനന്തപുരം: രണ്ടു ദിവസമായി തുടരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് സമരം എത്രയും വേ​ഗം അവസാനിപ്പിക്കണമെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​​ഗം രമേശ് ചെന്നിത്തല. എയർ ഇന്ത്യ എക്സ്പ്രസ് ക്രൂ അം​ഗങ്ങളുടെ സമരം ആഭ്യന്തര- വിദേശ യാത്രക്കാരെ ഏറെ വലയ്ക്കുകയാണ്. ഇരുപതിനായിരത്തോളം യാത്രക്കാരാണ് വിവിധ എയർപോർട്ടുകളിൽ കുടുങ്ങി കിടക്കുന്നത്. കേരളത്തിൽ വെക്കേഷൻ സീസൺ ആയതിനാൽ ആയിരക്കണക്കിന് ആളുകളു‌ടെ ഒരു വർഷത്തെ യാത്രാ പരിപാടികൾ അവതാളത്തിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമരം മൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നതു മലയാളികളാണ്. രണ്ടു ദിവസമായി പതിനായിരക്കണക്കിനു യാത്രക്കാർ വലഞ്ഞിട്ടും സംസ്ഥാന സർക്കാർ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ല. ഇതിൽ ഇടപെടേണ്ടിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ അടിയന്തിര സാഹചര്യങ്ങളെല്ലാം അവ​ഗണിച്ച് വിദേശത്ത് ഉല്ലാസ യാത്ര നടത്തുകയാണ്. സർക്കാർ സർവീസിലെ യുഡി ക്ലർക്ക് അവധിയിൽ പോയാൽപ്പോലും പകരം ആർക്കെങ്കിലും ചുമതല കൊടുക്കണമെന്നാണ് ചട്ടം. എന്നാല്‍ രണ്ടാഴ്ചയിലേറെക്കാലം കേരളത്തെ അനാഥമാക്കി മുഖ്യമന്ത്രി നടത്തുന്ന കുടുംബ വിനോദയാത്ര ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കഴിഞ്ഞ രണ്ടു ദിവസമായി 160ൽ പരം വിമാനസർവീസുകളാണ് ക്യാൻസൽ ചെയ്തത്. ജീവനക്കാരും മാനേജ്മെന്‍റും തമ്മിലുള്ള തൊഴിൽ പ്രശ്നങ്ങളാണ് പൊടുന്നനെ സമരത്തിലേക്കു ജീവനക്കാരെ നയിച്ചത്. കഴിഞ്ഞ കുറേ ദിവസമായി ഈ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടും കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല. രാജ്യത്തെ മുഴുവൻ വിമാന സർവീസുകളും സ്വകാര്യ മേഖലയ്ക്കു വിറ്റ് കാശാക്കി കൈയും കെട്ടി നോക്കിയിരിക്കുകയാണു സർക്കാർ ചെയ്യുന്നത്. ഒരു ദിവസമെങ്കിലും വിദേശത്തു കുടുങ്ങുന്ന മലയാളികള‌ടക്കമുള്ള യാത്രക്കാരുടെ ദുരിതം ഊഹിക്കാവുന്നതിനും അപ്പുറമാണ്. കഷ്ടിച്ചു വഴിച്ചെലവുമായി സഞ്ചരിക്കുന്നവരാണ് ഇവരിൽ മഹാഭൂരിഭാ​ഗവും. ഒന്നോ രണ്ടോ ദിവസങ്ങൾ പോലും എയർ പോർട്ടുകളിൽ കുടുങ്ങുന്നത് ഇവർക്കുണ്ടാക്കുന്നത് വലിയ ദുരതങ്ങളാണ്. അതുകൊണ്ടു തന്നെ യാത്രക്കാരെ വിമാനക്കമ്പനികളു‌ടെ ഇരകളായി എറിഞ്ഞുകൊടുക്കാൻ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര – ആഭ്യന്തര സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഇന്നും റദ്ദാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. സമരം മൂലം ഇന്ന് 74 വിമാനങ്ങളാണ് റദ്ദാക്കിയത്.  സംസ്ഥാനത്തെ പല എയർപോർട്ടുകളിലും യാത്രക്കാരും ബന്ധുക്കളും പ്രതിഷേധിക്കുകയാണ്. കണ്ണൂരിൽ നാലും കരിപ്പൂരിൽ അഞ്ചും സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതും ഇവിടേക്ക് വരേണ്ടതുമായ ഏഴ് വിമാനങ്ങളാണ് റദ്ദാക്കിയത്. പലർക്കും എയർ ഇന്ത്യ എക്സ്പ്രസ് മറ്റു ദിവസങ്ങളിലേക്ക് യാത്ര ക്രമീകരിച്ചു നൽകിയെങ്കിലും, അന്നും സർവീസുകൾ പുനഃരാരംഭിക്കുമോ എന്നതിൽ അധികൃതർക്ക് തന്നെ നിശ്ചയമില്ല. 220ലേറെ ക്യാബിൻ ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. ഇതിൽ 30 ഓളം പേർക്ക് ഇതിനോടകം പിരിച്ചുവിടൽ നോട്ടീസ് നൽകി. ഇതു ക്രൂ അം​ഗങ്ങളെ കൂ‌ടുതൽ പ്രകോപിതരാക്കാനേ സഹായിക്കൂ. ലോകത്തിന്‍റെ വിവിധ ഭാ​ഗങ്ങളിൽ എയർ ഇന്ത്യയെ ആശ്രയിച്ചു കാത്തിരിക്കുന്ന യാത്രക്കാരെ എത്രയും വേ​ഗം ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. സമരത്തെ തുടർന്ന് ബുധനാഴ്ച മാത്രം 91 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ, 102 വിമാന സർവീസുകൾ വൈകുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ തിങ്കളാഴ്ച വരെ ഇതേ സ്ഥിതി തുടർന്നേക്കും. സമരത്തിൽ ഇല്ലാത്ത മുഴുവൻ ജീവനക്കാരെയും ജോലിക്ക് ഇറക്കിയാലും ഒരു ദിവസം ചുരുങ്ങിയത് 40 ഫ്ലൈറ്റുകൾ എങ്കിലും റദ്ദാക്കേണ്ടി വരുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ്സിന്‍റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ മറ്റ് വിമാനക്കമ്പനികളുമായി സഹകരിച്ച് മുഴുവൻ യാത്രക്കാരെയും ലക്ഷ്യത്തിലെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാതിഥ്യ സിന്ധ്യയോട് അഭ്യർഥിച്ചു.