മോദി സര്‍ക്കാറിന്‍റെ മുദ്ര വായ്പാ പദ്ധതി വന്‍ പരാജയം; തൊഴിലില്ലായ്മ പരിഹരിക്കാനായില്ലെന്നും സര്‍വേ റിപ്പോര്‍ട്ട്

Jaihind Webdesk
Wednesday, September 4, 2019

രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പോംവഴിയായി കൊട്ടിഘോഷിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ച മുദ്ര വായ്പാ പദ്ധതി പരാജയമെന്ന് കണക്കുകള്‍. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം വായ്പയെടുത്തവരില്‍ ആകെ 10 ശതമാനം അളുകള്‍ക്ക് മാത്രമാണ് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിച്ചത്. ലോണ്‍ ലഭ്യമായ 5ല്‍ ഒരാള്‍ മാത്രമാണ് പുതിയ സംരംഭം ആരംഭിച്ചതെന്നും മറ്റുള്ളവര്‍ നിലവില്‍ ഉണ്ടായിരുന്ന സംരംഭങ്ങളെ വിപുലീകരിക്കാനാണ് ഉപയോഗിച്ചതെന്നും വ്യക്തമാകുന്നുവെന്നും പ്രമുഖ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.

2015ല്‍ ഏപ്രിലില്‍ ഒന്നാം തീയതിയാണ് മോദി സര്‍ക്കാര്‍ ചെറുകിട-നൂതനസംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മറ്റുമായി മുദ്രാ പദ്ധതി പ്രഖ്യാപിക്കുന്നത്. രാജ്യത്ത് വ്യാപകമായി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം ഒരാള്‍ക്ക് പൊതുമേഖല-സ്വകാര്യ മേഖല ബാങ്കുകളില്‍ നിന്നും മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങളില്‍ നിന്നും 50000 രൂപമുതല്‍ 10 ലക്ഷം വരെ വായ്പകള്‍ ലഭിക്കും.

എന്നാല്‍ 80 ശതമാനം ആളുകള്‍ നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കാനാണ് പദ്ധതി ഉപയോഗപ്പെടുത്തിയത്. പദ്ധതി നടപ്പാക്കിയ 2015 ഏപ്രില്‍ മുതല്‍ 2017 വരെ ഒരു കോടി അധിക തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക രംഗത്തെ വന്‍ വെല്ലുവിളികള്‍ നേരിടുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ ലേബര്‍ ബ്യൂറോ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് 2019 മാര്‍ച്ച് 27ന് പുറത്തുവന്നെങ്കിലും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. വായ്പയെടുത്ത 94,375 പേരെയാണ് സര്‍വേയ്ക്കായി കണ്ടത്.