നോട്ട് നിരോധനം സമ്പൂര്‍ണ പരാജയം

Jaihind Webdesk
Wednesday, August 29, 2018

കള്ളപ്പണം പിടിക്കാനെന്ന പേരിൽ അസാധുവാക്കപ്പെട്ട നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. ഇതോടെ മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ട് നിരോധനം പൂര്‍ണ പരാജയമാണെന്ന് റിസര്‍വ് ബാങ്ക് തന്നെ തത്വത്തില്‍ സമ്മതിച്ചിരിക്കുന്നു.

ഈ അപക്വമായ നടപടിയുടെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. നിരവധി പാവങ്ങളുടെ ജീവന്‍ പൊലിഞ്ഞതും നോട്ട് നിരോധനത്തിന്‍റെ പരിണിതഫലമായിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക-വ്യാവസായിക രംഗങ്ങള്‍ തകര്‍ന്നടിഞ്ഞതും നോട്ട് നിരോധനത്തിന് ശേഷമാണ്.

2016 നവംബർ 8ന് അർധരാത്രിയാണ് 500, 1000 നോട്ടുകൾ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നത്. അപ്രതീക്ഷിതമായ ഈ നടപടിയെത്തുടർന്ന് ജനങ്ങൾ നെട്ടോട്ടമോടിയ കാഴ്ചയാണ് പിന്നീട് ഇന്ത്യ കണ്ടത്. കള്ളപ്പണം പിടിക്കാനെന്ന പേരിൽ അസാധുവാക്കപ്പെട്ട നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്കിന്റെ 2017-18 വാർഷിക റിപ്പോർട്ടിൽ പറയുന്നത്.

നവംബർ എട്ടിന് 15.41 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 500, 1000 നോട്ടുകളായിരുന്നു  അസാധുവാക്കിയത്. അസാധുവാക്കപ്പെട്ട നോട്ടുകളിൽ 15.31 ലക്ഷം കോടി രൂപ  തിരിച്ചെത്തി എന്ന് റിപ്പോർട്ടിൽ അവകാശപ്പെടുന്നു. ഇതോടെ നോട്ട് നിരോധനം സമ്പൂർണ പരാജയമായിരുന്നു എന്ന കാര്യം കൂടുതൽ വ്യക്തമാകുകയാണ്. ബുധനാഴ്ച പുറത്തിറക്കിയ 2017-18 വാർഷിക റിപ്പോർട്ടിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവിധ ബാങ്കുകൾ വഴി ശേഖരിച്ച പണം എണ്ണിത്തിട്ടപ്പെടുത്തി കഴിഞ്ഞതായും ആർ.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.

റദ്ദാക്കിയ നോട്ടുകളിൽ വലിയ പങ്ക് തിരിച്ചെത്തില്ലെന്നും ഇത് സർക്കാരിന് വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാകും എന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ ഇവയിൽ ഏതാണ്ട് മുഴുവനും തിരിച്ചെത്തിയതോടെ നോട്ട് നിരോധനം അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ പൂർണ പരാജയമാണെന്ന് കൂടുതൽ വ്യക്തമാകുന്നു. കള്ളപ്പണം പിടിക്കാനെന്ന പേരിൽ നടത്തിയ നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തന്നെ മാറ്റി മറിച്ചു. ഇതിലൂടെ വ്യാവയായിക-സാമ്പത്തിക മേഖലകൾക്ക് വൻ നഷ്ടമാണ് ഉണ്ടായത്.

മാത്രമല്ല അസാധുവാക്കിയതിനു ശേഷം പുതിയ നോട്ടുകൾ അച്ചടിക്കാൻ വൈകിയതും, തുടർന്ന് അച്ചടിച്ചവ വിതരണം ചെയ്യാനുണ്ടായ കാലതാമസവും രാജ്യത്തെയാകമാനം പിടിച്ചു കുലുക്കി. അസാധുവാക്കിയ പുതിയ 500 രൂപ നോട്ടുകൾ അച്ചടിക്കാൻ വേണ്ടി മാത്രം 5,000 കോടി രൂപയോളം വേണ്ടി വന്നു എന്നാണ് കണക്കുകൾ. പുതുതായി പ്രഖ്യാപിച്ച 2000 രൂപ നോട്ടുകൾ അച്ചടിക്കുവാൻ 1,200 കോടി രൂപയും, 200 രൂപ നോട്ടുകൾ അച്ചടിക്കുവാൻ 523 കോടി രൂപയും 2016-17 കാലയളവിൽ ചെലവാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിലൂടെ മാത്രം രാജ്യത്തിന് നേരിടേണ്ടി വന്ന നഷ്ടം ചില്ലറയല്ല. അച്ചടിച്ചവ വിതരണം ചെയ്യാനും മറ്റും ചിലവാക്കിയ കണക്കുകൾ ഇനിയുമുണ്ട്.

നോട്ടു നിരോധനത്തെ തുടർന്ന് ഇതുവരെ 21,000 കോടി രൂപയുടെ അധിക ചെലവാണ് രാജ്യം സഹിക്കേണ്ടി വന്നത്. റിസർവ് ബാങ്കിന്റെ ഈ റിപ്പോർട്ട് ബി.ജെ.പി സർക്കാരിന് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്.