‘മോദി സീറോ വാട്ട് ബള്‍ബ് ; പ്രകാശം പരത്താന്‍ കഴിവില്ല’ : മല്ലികാര്‍ജുന്‍ ഖാർഗെ

Jaihind News Bureau
Sunday, February 9, 2020

ന്യൂഡല്‍ഹി : മോദിയുടെ ട്യൂബ് ലൈറ്റ് പരാമർശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് മല്ലികാർജുന്‍ ഖാർഗെ. സീറോവാട്ട് ബള്‍ബിനെക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് ട്യൂബ് ലൈറ്റെന്ന് ഖാർഗെ പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭയില്‍ മോദി നടത്തിയ വിവാദ പരാമർശത്തിലായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

‘ട്യൂബ് ലൈറ്റിന് നല്ല പ്രകാശം നല്‍കാന്‍ കഴിയും. പക്ഷെ ഒരു സീറോ വാട്ട് ബള്‍ബിന് പ്രകാശം നല്‍കാനാവില്ല. ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ (ലോക്സഭയില്‍) മോദിയോട് പറഞ്ഞേനെ, നിങ്ങളൊരു സീറോ വാട്ട് ബള്‍ബാണെന്ന്. നിർഭാഗ്യവശാല്‍ ഞാന്‍ സഭയിലുണ്ടായിരുന്നില്ല’ – ഖാർഗെ പറഞ്ഞു.

യഥാർത്ഥ വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മോദിയുടെ ശ്രമം. 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന അവസ്ഥയിലാണ് രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക്. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുമൊക്കെ നിരവധി വാഗ്ദാനങ്ങളാണ് മോദി സർക്കാര്‍ നടത്തിയിരുന്നത്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രധാനമന്ത്രി ആ പദവിക്ക് ചേരാത്ത പ്രസ്താവനകള്‍ നടത്തുകയാണ് ചെയ്യുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിക്കെതിരെയായിരുന്നു ലോക്സഭയില്‍ മോദി പദവി മറന്നുകൊണ്ടുള്ള പ്രസ്താവന നടത്തിയത്.