സ്ത്രീകൾ തിരിച്ചു പോയത് നിരാശാജനകമെന്ന് മന്ത്രി ജി സുധാകരൻ; തന്ത്രിക്കെതിരെയും രൂക്ഷവിമർശനം

Jaihind Webdesk
Saturday, October 20, 2018

ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീകൾ തിരിച്ചു പോയത് നിരാശാജനകമെന്ന് മന്ത്രി ജി സുധാകരൻ. തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിനെയും സുധാകരൻ വിമർശിച്ചു. ഹർത്താലിന് കട പൂട്ടുന്ന ലാഘവത്തോടെയാണ് ശബരിമല നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത്. തന്ത്രിയുടെ നിലപാട് കേരളം ചർച്ച ചെയ്യണം. ഫ്യൂഡൽ പൗരോഹിത്യത്തിന്‍റെ തകർച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയിലുണ്ടായത്. ശബരിമലയിൽ പോകുന്നവരുടെ പൂർവകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവർ പോയാൽ മതി. ദർശനത്തിനെത്തിയ സ്ത്രീകൾ തിരിച്ചുപോയതു നിരാശാജനകമാണെന്നും സുധാകരൻ പറഞ്ഞു. ശബരിമല യുദ്ധക്കളമാക്കാതിരിക്കാനുളള വിവേകം പൊലീസിനുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു.

സുപ്രീം കോടതി വിധിയെ മാനിക്കുന്നുണ്ടെങ്കിലും താൻ ഭക്തർക്കൊപ്പമാണെന്നും യുവതികളെ ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു തന്ത്രിയുടെ നിലപാട്. ഇതിനെയാണ് മന്ത്രി അതിരൂക്ഷമായി വിമർശനത്തിന് വിധേയമാക്കിയത്. ശബരിമലയിൽ ആക്ടിവിസ്റ്റുകൾ പ്രവേശിക്കുന്നതിനോട് യോജിപ്പില്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നിലപാടിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തുവന്നതിന് പിന്നാലെയാണ് സുധാകരന്‍റെ പ്രതികരണം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രവേശിക്കുന്ന യുവതികൾക്ക് സംരക്ഷണമൊരുക്കുമെന്ന ഉറച്ച നിലപാടിലാണ് ഇപ്പോഴും സംസ്ഥാന സർക്കാർ നിലയുറപ്പിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി അവിടെയെത്തിയവർക്ക് പൊലീസ് സംരക്ഷണവും ഒരുക്കിയിരുന്നു.

കഴിഞ്ഞ ദിവസം ആന്ധ്രാ സ്വദേശിയായ മാധ്യമപ്രവർത്തക കവിതയും ആക്ടിവിസ്റ്റായ രഹന ഫാത്തിമയും പൊലീസ് സംരക്ഷണത്തിൽ ശബരിമലയിൽ ദർശനത്തിനെത്തിയതും വിവാദമായിട്ടുണ്ട്. ഇതിനിടെ നാലിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നട അടയ്ക്കുന്നതുവരെ നീട്ടിയിട്ടുണ്ട്. പ്രതിഷേധസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് പമ്പയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്‌.