മാർക്ക് ദാന വിവാദത്തിൽ മോഡറേഷൻ പിൻവലിച്ച നടപടി അംഗീകരിച്ച് എംജി സർവ്വകലാശാല; 118 വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് തിരികെ വാങ്ങാനും

Jaihind News Bureau
Friday, November 29, 2019

മാർക്ക് ദാന വിവാദത്തിൽ മോഡറേഷൻ പിൻവലിച്ച നടപടി അംഗീകരിച്ച് എംജി സർവ്വകലാശാല ഉത്തരവ്. ജയിച്ച 118 വിദ്യാർത്ഥികളുടെ ഫലം റദ്ദാക്കി. ഇവരുടെ സർട്ടിഫിക്കറ്റ് തിരികെ വാങ്ങാനും സർവ്വകലാശാല തീരുമാനിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ സെക്രട്ടറി കെ ഷറഫുദീന്റെ അയൽവാസിക്കായി ബി.ടെക് കോഴ്‌സിന് ഒന്നാകെ സ്പെഷ്യൽ മോഡറേഷൻ നൽകാനുള്ള തീരുമാനം ഒക്ടോബർ 26ന് ചേർന്ന സിൻഡിക്കേറ്റ് യോഗം പിൻവലിച്ചിരുന്നു. ഫെബ്രുവരി ഇരുപത്തിരണ്ടിന് നടന്ന അദാലത്തിലെ തീരുമാനം വിവാദമായതിനെ തുടർന്നായിരുന്നു നടപടി. സിൻഡിക്കേറ്റ് തീരുമാനം അംഗീകരിച്ച് തുടർ നടപടികൾക്ക് നിർദേശം നൽകിയാണ് സർവ്വകലാശാല ഉത്തരവിറക്കിയത്. ഫലത്തിൽ ഇതുവരെ നൂറ്റിപതിനെട്ട് വിദ്യാർഥികൾ കാണാം മോഡറേഷൻ നൽകാനുള്ള തീരുമാനം ഗുണം ചെയ്തത്. മാർക്ക് ദാനം റദ്ദാക്കിയതോടെ ഇവരുടെ പരീക്ഷാഫലം റദ്ദായി. 118 പേരുടെയും കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകൾ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നിവ തിരികെ വാങ്ങാനും സർവ്വകലാശാല ഉത്തരവിട്ടു. ഇതിന് വിസമ്മതിക്കുന്നവർക്കെതിരെ നിയമനടപടികൾക്ക് നീങ്ങാനും നിർദ്ദേശമുണ്ട്. മോഡറേഷൻ വഴി ജയിച്ചത് മൂലം 2018ലെ സപ്ലിമെൻററി പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കായി 3,5,7,8 സെമസ്റ്റർ പരീക്ഷകൾ നടത്താൻ പരീക്ഷാ കൺട്രോളറോട് ശുപാർശ ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച മാർക്ക് ദാന ആരോപണത്തിൽ വ്യക്തമായ തെളിവുകൾ പുറത്തു വന്നതിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ചത്.

teevandi enkile ennodu para