മരട് ഫ്ലാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ തുടർന്നാണ് സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

ഫ്ലാറ്റ് ഒഴിയാനായി നഗരസഭ നൽകിയ സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് സർവകക്ഷിയോഗം വിളിച്ചത്. ഈ മാസം 20 നകം ഫ്ലാറ്റ് പൊളിക്കണമെന്നാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഫ്ലാറ്റുകളിലെ താമസക്കാരോട് അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്ന് മരട് നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ ഒഴിയില്ലെന്ന നിലപാടിലാണ് ഫ്ലാറ്റുടമകള്‍. ഫ്ലാറ്റുകൾക്ക് മുന്നിൽ താമസക്കാര്‍ റിലേ സത്യാഗ്രഹവും ആരംഭിച്ചു. നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഫ്ളാറ്റ് ഉടമകള്‍ വ്യക്തമാക്കി. അതേസമയം തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്വമില്ലെന്ന് കാട്ടി ഫ്ലാറ്റ് നിര്‍മാതാക്കള്‍ മരട് നഗരസഭയ്ക്ക് കത്ത് നല്‍കി.

വിഷയത്തില്‍ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സര്‍വകക്ഷിയോഗത്തിലൂടെ അഭിപ്രായ സമന്വയത്തിനാണ് സര്‍ക്കാർ നീക്കം.