മലപ്പുറം വഴിക്കടവിൽ ടാസ്ക് ഫോഴ്സിന്‍റെ പരിശോധനക്കിടെ മാവോയിസ്റ്റുകൾ വെടിയുതിര്‍ത്തു

Jaihind Webdesk
Saturday, August 3, 2019

Maoist Attack

മലപ്പുറം വഴിക്കടവിൽ മാവോയിസ്റ്റുകൾ വെടിയുതിര്‍ത്തു. വഴിക്കടവ് മരുതയില്‍ ടാസ്ക് ഫോഴ്സിന്‍റെ പരിശോധനക്കിടെയാണ് മാവോയിസ്റ്റുകൾ വെടിയുതിര്‍ത്തത്. ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കേരള, തമിഴ്നാട് പൊലീസ് സംയുക്ത പരിശോധനയാരംഭിച്ചു.

ജി.പി.എസ് സംവിധാനത്തിന്‍റെ സഹായത്തോടെ മാവോയിസ്റ്റുകളുടെ സാന്നിധ്യം മനസിലാക്കി വളയാനുളള തമിഴ്നാട് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്‍റെ ശ്രമത്തിനിടെയാണ് വെടിയുതിര്‍ത്തത്. സമീപത്തെ ക്യാമ്പിലുണ്ടായിരുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ഏറുമാടത്തിലുണ്ടായിരുന്ന മാവോയിസ്റ്റാണ് രണ്ടു റൗണ്ട് വെടിവച്ചത്. സംഭവത്തിന് പിന്നാലെ ഏറുമാടത്തിലുണ്ടായിരുന്ന മാവോയിസ്റ്റ് അടക്കം എല്ലാവരും രക്ഷപ്പെട്ടു. മരുതകുട്ടിപ്പാറക്ക് സമീപം മാവോയിസ്റ്റ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിന്നാലെ സേന നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളും പാത്രങ്ങളും പലചരക്കുസാധനങ്ങളും ക്യാമ്പില്‍ നിന്ന് കണ്ടെത്തി.

പിന്നാലെ കേരളത്തില്‍ നിന്നുളള കൂടുതല്‍ സായുധസംഘവും സ്ഥലത്തെത്തി. തമിഴ്നാട്ടില്‍ നിന്നെത്തിയ ഒരു സംഘം മരുത വഴിയും കേരള പൊലീസും തണ്ടര്‍ബോള്‍ട്ടും നാടുകാണിയോട് ചേര്‍ന്ന സ്ഥലങ്ങളിലും തെരച്ചില്‍ തുടരുകയാണ്. ചുരത്തിലും അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍ കരീമും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.