ഡോക്ടര്‍മാരുടെ സമരത്തിന് പിന്നില്‍ ബി.ജെ.പി; സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടി; അന്ത്യശാസനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി

Jaihind Webdesk
Thursday, June 13, 2019

കൊല്‍ക്കത്ത: സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടർമാർക്ക് താക്കീതുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. നാല് മണിക്കൂറിനകം സംമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് മമതാ ബാനർജി അന്ത്യശാസനം നല്‍കി. ബി.ജെ.പി ഗൂഢാലോചനയാണ് സമരത്തിന് പിന്നിലെന്നും മമത ആരോപിച്ചു.

പശ്ചിമബംഗാളില്‍ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ നാല് ദിവസമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. കഴിഞ്ഞദിവസം ഒരു രോഗി മരിച്ചതുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മർദിച്ചിരുന്നു. രണ്ട് ഡോക്ടര്‍മാർക്ക് മർദനത്തില്‍ പരിക്കേറ്റിരുന്നു. ഇതിനെതിരെയാണ് ഡോക്ടര്‍മാർ പ്രതിഷേധ സമരം ആരംഭിച്ചത്. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാരും സമരത്തില്‍ പങ്കുചേര്‍ന്നതോടെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി താക്കീതുമായി രംഗത്തെത്തിയത്. സമരത്തിന് പിന്നില്‍ ബി.ജെ.പിയുടെ ഗൂഢാലോചനയുണ്ടെന്നും ആശുപത്രി പ്രവര്‍ത്തനം മനപൂര്‍വം താറുമാറാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തുന്നതെന്നും മമത ആരോപിച്ചു. സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും മമത മുന്നറിയിപ്പ് നല്‍കി.

എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി മമതാ ബാനർജി  കൂടിക്കാഴ്ച നടത്തിയിരുന്നു. സമരത്തില്‍ നിരവധി രോഗികളാണ് ചികിത്സ കിട്ടാതെ ദുരിതത്തിലായിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് സമരം അവസാനിപ്പിക്കണമെന്നും മമത പറഞ്ഞു. എന്നാല്‍ സമരം അവസാനിപ്പിക്കാന്‍ ഡോക്ടർമാർ തയാറായില്ല. തുടര്‍ന്നാണ് നാല് മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് മമത അന്ത്യശാസനം നല്‍കിയത്.