രാജ്യസഭാ സീറ്റ് : ഗുജറാത്തിലെ രണ്ടു സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തണമെന്ന് കോൺഗ്രസ്

Jaihind Webdesk
Monday, June 17, 2019

ഗുജറാത്തിലെ രണ്ടു രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തണമെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പു വെവ്വേറെ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നും ഇക്കാര്യത്തിൽ വേണ്ടിവന്നാൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഗുജറാത്ത് പിസിസി അധ്യക്ഷൻ അമിത് ചാവ്ഡ പറഞ്ഞു.

രാജ്യസഭാംഗങ്ങളായിരുന്ന അമിത് ഷാ, സ്മൃതി ഇറാനി എന്നീ കേന്ദ്രമന്ത്രിമാർ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ഒരുമിച്ച് തെരഞ്ഞെടുപ്പു നടത്തിയാൽ ഒരു സീറ്റു മാത്രമേ ബിജെപിക്കു ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിലാണു വെവ്വേറെ തെരഞ്ഞെടുപ്പു നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്‍റെ തീരുമാനം ബിജെപിക്ക് അനുകൂലമായത്.

ഗുജറാത്തിലെ രണ്ടു സീറ്റുകളുൾപ്പെടെ ആറു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ ആറിനു നടക്കുമെന്നു ശനിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. രാജ്യസഭ ഉൾപ്പെടെ എല്ലാ ഉപതെരഞ്ഞെടുപ്പുകളും വെവ്വേറെ ഒഴിവുകളായാണു പരിഗണിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ കമ്മീഷന്‍റെ നിലപാട്.

വെവ്വേറെ വിജ്ഞാപനവും തെരഞ്ഞെടുപ്പുമാണു നടത്തുകയെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍റെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ട് ഗുജറാത്ത് പിസിസി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നാളെ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കും.

teevandi enkile ennodu para