സുരക്ഷ ഒരുക്കാമെന്ന് മമത; ഒരാഴ്ച നീണ്ട ഡോക്ടർമാരുടെ സമരം പിന്‍വലിച്ചു

Jaihind Webdesk
Monday, June 17, 2019

Doctors-Strike-2

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഡോക്ടർമാരുടെ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടത്തിയ ചർച്ചയില്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് ഏഴു ദിവസം നീണ്ട സമരത്തിന് അവസാനമായത്. ജൂണ്‍ 10 നായിരുന്നു ഡോക്ടര്‍മാർ സമരം ആരംഭിച്ചത്. രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടര്‍മാരെ മർദിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. മതിയായ സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു ഡോക്ടർമാരുടെ പ്രധാന ആവശ്യം. എന്‍.ആർ.എസ് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർക്കാണ് മർദനമേറ്റത്.

31 ഡോക്ടർമാരാണ് മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ച സമവായ ചർച്ചയിൽ പങ്കെടുത്തത്. അടച്ചിട്ട മുറിയിലുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഡോക്ടർമാർ നിലപാടെടുത്തു. ജൂനിയർ ഡോക്ടർ ചികിത്സയിലുള്ള എൻആർഎസ് മെഡിക്കൽ കോളേജിൽ മമതാ ബാനർജി സന്ദർശനം നടത്തണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. ചർച്ച പൂർണമായും മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരിക്കണമെന്നും ഡോക്ടർമാർ ഉപാധിവെച്ചു. ആദ്യം ഇതിനെ എതിർത്ത മമത, പിന്നീട് വഴങ്ങുകയായിരുന്നു. ചർ‍ച്ച പൂർണമായും ചിത്രീകരിക്കാൻ ഒരു പ്രാദേശിക മാധ്യമത്തിന് മമത അനുവാദം നൽകി.

ഡോക്ടർമാര്‍ മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. എല്ലാ സർക്കാർ ആശുപത്രികളിലും പരാതി പരിഹാരസംവിധാനം ഉറപ്പാക്കും. എമർജൻസി വാർഡുകളിലും കാഷ്വാലിറ്റികളിലും സുരക്ഷ ശക്തമാക്കും. സുരക്ഷയ്ക്കായി ഡോക്ടർമാർ മുന്നോട്ടുവെച്ച പത്തോളം ഉപാധികള്‍ അംഗീകരിച്ചതോടെയാണ് ഒത്തുതീർപ്പിന് വഴിയൊരുങ്ങിയത്.

സമരം നടത്തിയ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക പണിമുടക്കാണ് നടന്നത്. പശ്ചിമബംഗാളിലെ ഡോക്ടർമാരുടെ സമരത്തില്‍ ചികിത്സ ലഭിക്കാതെ നിരവധി രോഗികളാണ് ദുരിതത്തിലായത്. ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ച സംഭവവും ഉണ്ടായി. സാഹചര്യം കൂടുതല്‍ വഷളായതോടെയാണ് പ്രശ്നത്തില്‍ നിലപാട് മയപ്പെടുത്താന്‍ മമതാ ബാനർജി നിർബന്ധിതയായത്.