ബിജെപി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്; മധ്യപ്രദേശില്‍ ഞെട്ടലോടെ ബിജെപി

Jaihind Webdesk
Sunday, February 24, 2019

ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് തൂത്തെറിഞ്ഞ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചതിന് പിന്നാലെ ബി.ജെ.പിയില്‍ നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് ചേരാന്‍ ഒരുങ്ങുകയാണ്. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച മട്ടിലാണ് മധ്യപ്രദേശ് ബി.ജെ.പി കര്‍ഷകരുടെ പിന്തുണയോടെ ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുന്നതാണ് ബിജെപി ജനപ്രതിനിധികളെയും കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജന്‍പഥ് പ്രസിഡന്റുമാര്‍, സര്‍പാഞ്ചുമാര്‍ എന്നിവരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്. കമല്‍നാഥ് സര്‍ക്കാരിന്റെ നടപടികളില്‍ ആകൃഷ്ടരായിട്ടാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേരുന്നത് എന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുന്നതാണിത്. മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തിലാണ് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കുക എന്നാണ് വിവരം. ബിജെപിയുടെ 25 ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, 50 ജനപഥ് പഞ്ചായത്ത് അംഗങ്ങള്‍, സര്‍പാഞ്ചുമാര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് കോണ്‍ഗ്രസ് ഓഫീസ് അറിയിച്ചു.

ഗ്രാമീണ മേഖലിയലെ ബിജെപി നേതാക്കളാണ് കോണ്‍ഗ്രസ് അംഗത്വമെടുക്കാന്‍ പോകുന്നത്. ഇത് കോണ്‍ഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. മധ്യപ്രദേശിലെ ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് വീണ്ടും ആധിപത്യം ഉറപ്പിക്കുകയാണ്. ഗ്രാമീണര്‍ക്കിടയില്‍ ബിജെപിക്കുണ്ടായിരുന്ന പിന്തുണ പകുതിയായി കുറയുമെന്നാണ് സൂചനകള്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചടിയാണ് ബി.ജെ.പിക്ക് നല്‍കിയത്. മധ്യപ്രദേശിന് പുറമെ ബിജെപി ഭരിച്ചിരുന്ന ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. തിളക്കമാര്‍ന്ന വിജയം നേടിയത് ഛത്തീസ്ഗഡിലാണ്. ഇവിടെ മൂന്നില്‍ രണ്ട ഭൂരിപക്ഷം കോണ്‍ഗ്രസ് നേടി.

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകരെയും ന്യൂനപക്ഷങ്ങളെയും മതനേതാക്കളെയും സന്ന്യാസിമാരെയും കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ പല ഗ്രാമീണ മേഖലിയിലും വേണ്ടത്ര തിളക്കമാര്‍ന്ന വിജയമായിരുന്നില്ല കോണ്‍ഗ്രസിന്. അതുകൊണ്ടുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചുപിടിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു.