ജോസ് കെ മാണി നയിക്കുന്ന കേരളയാത്രയ്ക്ക് ഇന്ന് തുടക്കം

Jaihind Webdesk
Thursday, January 24, 2019

കാസര്‍ഗോഡ് : കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് കാസര്‍ഗോട്ട് തുടക്കം കുറിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന യാത്ര കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നത്.

യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് മഹാസമ്മേളനത്തോടെ സമാപിക്കും. ഇന്ന് രാവിലെ 11 മണിക്ക് യാത്ര മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി അധ്യക്ഷത വഹിക്കും. ജാഥാ ക്യാപ്റ്റന് പാര്‍ട്ടി പതാക കൈമാറി യാത്രയുടെ ഉദ്ഘാടനം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് നിര്‍വഹിക്കും. മുസ്ലീംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തും.യു.ഡി.എഫിന്റെ മറ്റ് പ്രമുഖ നേതാക്കളും സമ്മേളനത്തില്‍ സംസാരിക്കും. 14 ജില്ലകളിലായി 100 ല്‍ പരം കേന്ദ്രങ്ങളില്‍ കേരളയാത്രയ്ക്ക് സ്വീകരണം നല്‍കുന്നതിന്റെ ഭാഗമായ വിപുലമായ പൊതുസമ്മേളനങ്ങള്‍ ചേരും. സമ്മേളനങ്ങള്‍ക്കൊപ്പം ജാഥ കടന്നുവരുന്ന വഴികളില്‍ പ്രവര്‍ത്തകരും ബഹുജനസംഘനകളും ജാഥയെ സ്വീകരിക്കും. നാടിന് ദുരന്തങ്ങളും ദുരിതവും സമ്മാനിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരായ ജനരോഷത്തിന്റെ രാഷ്ട്രീയമാണ് കേരളയാത്ര ഉയര്‍ത്തിപ്പിടിക്കുന്നത്.

അടിമുടി പരാജയപ്പെട്ട ഒരു സര്‍ക്കാരാണ് കേരളത്തില്‍ ഭരണത്തിലിരിക്കുന്നത്. പ്രളയത്തില്‍ നശിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്നും നീക്കം ചെയ്ത, സപ്ലൈക്കോയുടെ ലേബലുള്ള ലോഡ് കണക്കിന് അരിയാണ് തമിഴ്‌നാട്ടിലെ സ്വകാര്യമില്ലില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ചീഞ്ഞ അരി പോളിഷ് ചെയ്ത് കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്ന ഈ മാഫിയക്ക് സിവില്‍ സപ്ലൈസ് അധികൃതരുടെ ഒത്താശയുണ്ട് എന്ന് തെളിയിക്കുന്നതാണ് സംഭവവികാസങ്ങള്‍. ബി.ജെ.പിയുടെ വര്‍ഗ്ഗീയ ഫാസിസത്തിനും സി.പി.എംന്റെ സോഷ്യല്‍ ഫാസിസത്തിനും എതിരായ വിശാലമായ ജനകീയ പ്രതിരോധം രൂപപ്പെടുത്തുന്ന കേരളയാത്ര 2019 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനുള്ള പോര്‍മുഖം തുറക്കുക കൂടി ചെയ്യും.

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത കാര്‍ഷിക ദുരന്തമാണ് രാജ്യത്തിന് സമ്മാനിക്കുന്നത്. വര്‍ഗ്ഗീയയുടെ തേര്‍വാഴ്ച അവസാനിപ്പിച്ച് ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിനായി ജനാധിപത്യ മതേതരകക്ഷികള്‍ പ്രാദേശികപാര്‍ട്ടികളുമായി കൈകോര്‍ക്കേണ്ടത് അനിവാര്യമാണ് എന്ന് തെളിയിക്കുന്നതാണ് വിവിധ സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പുകളിലെ തെരെഞ്ഞെടുപ്പ് ഫലം. കേരളവും ഇന്ത്യയും നേരിടുന്ന വെല്ലുവിളി കള്‍ക്കെതിരായുള്ള രാഷ്ട്രീയത്തിനൊപ്പം പുതിയ കേരളം എന്ന ആശയം കൂടി ജനസദസ്സുകളിലേക്ക് പകര്‍ന്നാണ് കേരളയാത്ര കടന്നുവരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു
യാത്രയെ സംബന്ധിച്ച് വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാനും ജാഥാ ക്യാപ്റ്റനുമായ ജോസ് കെ.മാണി എം.പി, ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എക്‌സ് എം.പി, ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ജില്ലാ സെക്രട്ടറിമാരായ സി എ ചാക്കോ, സജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.