ബാങ്കുകളുടെ യോഗം വിളിക്കുകയല്ല അഞ്ച് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയാണ് വേണ്ടത്: രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, February 27, 2019

കര്‍ഷകരോട് സര്‍ക്കാരിന് ആത്മാര്‍ത്ഥയില്ല.

കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ മാതൃകയാക്കണം.

തിരുവനന്തപുരം: കര്‍ഷക ആത്മഹത്യ തടയാന്‍ നിരവധി തവണ വിളിച്ച് കൂട്ടി പരാജയപ്പെട്ട ബാങ്കുകളുടെ യോഗം വിളിക്കുകയല്ല മറിച്ച് സര്‍ക്കാരിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടം എഴുത്തിത്തള്ളാനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിന് ശേഷം വായ്പകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുന്നതാനായി നിരവധി തവണ ഇത്തരങ്ങള്‍ യോഗങ്ങള്‍കൂടിയിരുന്നു. എന്നാല്‍ അത് കൊണ്ട് യാതൊരു പ്രയോജനവും കര്‍ഷകര്‍ക്ക് ലഭിച്ചില്ല. വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം ബാങ്കുകള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുകയാണുണ്ടായത്.മാത്രമല്ല ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ- കാര്‍ഷിക വികസനബാങ്കുകള്‍ പോലും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലന്നത് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥയില്ലന്നതിന്റെ പ്രകടമായ ഉദാഹരമാണ്.
അത് കൊണ്ട് ഇനിയും ഇത്തരം പ്രഹസനങ്ങള്‍ ആവര്‍ത്തിക്കാതെ അഞ്ച് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍തയ്യാറാവുകയാണ് വേണ്ടെതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവിടുത്ത സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയത് ഇവിടെയും മാതൃകയാക്കണം.പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടിട്ടുംസര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കാതെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഇടുക്കി ഏലപ്പാറ സ്വദേശി രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിന്റെ ആയിരം ദിനാഘോങ്ങളുടെ രക്തസാക്ഷികളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.