നികുതി കുറയ്ക്കില്ലെന്ന് ഐസക്ക്, കുറയ്ക്കണമെന്ന് ഉമ്മന്‍ചാണ്ടി

Jaihind Webdesk
Thursday, October 4, 2018

എണ്ണവില കുറയ്ക്കാൻ കേന്ദ്രവും ചില സംസ്ഥാനങ്ങളും തീരുമാനമെടുത്ത സാഹചര്യത്തില്‍ ലിറ്ററിന് രണ്ടര രൂപ സംസ്ഥാന നികുതിയിൽ കുറവ് വരുത്താൻ കേരള ഗവണ്‍മെന്‍റ്  തയാറാകണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി.

യു.ഡി.എഫ്. ഗവണ്‍മെന്‍റിന്‍റെ കാലത്ത് എണ്ണ വില കൂടിയപ്പോഴെല്ലാം സംസ്ഥാന നികുതി വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ വില വർധനവിനെ എതിർക്കുകയും അതിന്‍റെ ആനുകൂല്യം പറ്റുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് പിണറായി ഗവണ്‍മെന്‍റ് സ്വീകരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

അതേസമയം കേരളം പെട്രോൾ, ഡീസൽ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഒമ്പത് രൂപ കൂട്ടിയ ശേഷമാണ് കേന്ദ്രം ഒന്നര രൂപാ കുറച്ചത്. കേന്ദ്രം കൂട്ടിയ തുക കുറച്ചശേഷം, നികുതി കുറയ്ക്കുന്ന കാര്യത്തെക്കുറിച്ച് സംസ്ഥാനം ആലോചിക്കാമെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.