‘സ്പീക്കര്‍, ഈ മുതലക്കണ്ണീര്‍ കേരളത്തിന് വേണ്ട; കുട്ടിസഖാക്കള്‍ പിന്തുടരുന്നത് നിങ്ങളുടെ പ്രത്യയശാസ്ത്രമാണ്, ക്രിമിനലുകളെ വാര്‍ത്തെടുക്കുന്നതും സംരക്ഷിക്കുന്നതും നിങ്ങളാണ്’ : ജ്യോതികുമാര്‍ ചാമക്കാല

Jaihind Webdesk
Saturday, July 13, 2019

Jyothikumar Chamakkala

യൂണിവേഴ്സ്റ്റി കോളേജിലെ  എസ്.എഫ്.ഐ അക്രമവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്‍റെ പൊള്ളത്തരം ചോദ്യം ചെയ്ത് കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല. ഏത് പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണലേകുന്നത് എന്ന സ്പീക്കറുടെ ചോദ്യത്തിന് 2015 മാര്‍ച്ച് 13 ലെ ബജറ്റ് ദിനം ഓര്‍മപ്പെടുത്തുന്നു ജ്യോതികുമാര്‍.

അന്നത്തെ ബജറ്റ് ദിനത്തില്‍ ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ നിയമസഭയ്ക്കുള്ളിൽ താങ്കളും സഹസഖാക്കളും ചേർന്ന് നടത്തിയ അക്രമങ്ങൾ ഓര്‍ത്തെടുത്താല്‍ മതി ഇതിന്‍റെ ഉത്തരം ലഭിക്കുമെന്ന് ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു. കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയ്ക്കുള്ളില്‍ അന്നത്തെ പ്രതിപക്ഷം അഴിച്ചുവിട്ട അക്രമത്തിൽ നിയമസഭയ്ക്ക് ഉണ്ടായത് ലക്ഷങ്ങളുടെ  നഷ്ടമാണുണ്ടായതെന്നും അന്നും പിറ്റേന്നുമായി തിരുവനന്തപുരം നഗരം ഇടത് പ്രവര്‍ത്തകർ യുദ്ധക്കളമാക്കിയത് കേരളം മറക്കില്ലെന്നും ജ്യോതികുമാര്‍ ചാമക്കാല ഓര്‍മപ്പെടുത്തി.

നിങ്ങളുടെ അതേ ചിന്തയും വിയർപ്പും ആണ് യൂണിവേഴ്സിറ്റി കോളജിലെ കുട്ടിസഖാക്കളെ നയിക്കുന്നത്. അതിനാലാണ് സ്വന്തം പാർട്ടിക്കാരന്‍റെ നെഞ്ചിൽപോലും കഠാര കയറ്റാൻ അവരെ പ്രേരിപ്പിക്കുന്നത്.  ചോര കണ്ട് അറപ്പു തീർന്ന ക്രിമിനലുകളെ വാർത്തെടുക്കുന്നതും അവരെ സംരക്ഷിക്കുന്നതും നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും തന്നെയാണെന്ന് ജ്യോതികുമാര്‍ ചാമക്കാല പി ശ്രീരാമകൃഷ്ണനോട് പറയുന്നു.  ഈ മുതലക്കണ്ണീര്‍ കേരളത്തിന് വേണ്ടെന്നും തല കുനിച്ച് മാപ്പ് അപേക്ഷിക്കാനും പറഞ്ഞുകൊണ്ടാണ് ജ്യോതികുമാര്‍ ചാമക്കാല തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

അരുത് സ്പീക്കർ …. കരയിക്കരുത്
………………………..

യൂണിവേഴ്സിറ്റി കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് ബഹു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനെഴുതിയ കുറിപ്പ് വായിച്ച് കണ്ണു നിറഞ്ഞു പോയി.

ഏത് പ്രത്യയശാസ്ത്രമാണ് നിങ്ങൾക്ക് തണൽ എന്ന് കുട്ടിസഖാക്കളോട് സ്പീക്കർ ചോദിക്കുന്നു.

ഇതിന്റെയുത്തരം താങ്കൾക്കു തന്നെ കണ്ടെത്താനാവും ശ്രീരാമകൃഷ്ണൻ.

ഏറെ പുറകോട്ടൊന്നും പോവേണ്ട, 2015 മാർച്ച് 13 എന്ന ദിനം ഓർത്തെടുത്താൽ മതി….

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്കുള്ളിൽ താങ്കളും സഹസഖാക്കളും ചേർന്ന് നടത്തിയ അക്രമങ്ങൾ മറന്നോ ?

കെ.എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം നിങ്ങൾ അഴിച്ചുവിട്ട അക്രമത്തിൽ കേരള നിയമസഭയ്ക്ക് ഉണ്ടായത് 2,20,093 രൂപയുടെ നഷ്ടമാണെന്ന് സ്പീക്കർക്ക് അറിയാമല്ലോ ?

അന്നും പിറ്റേന്നുമായി താങ്കളുടെ പാർട്ടിക്കാർ തിരുവനന്തപുരം നഗരം യുദ്ധക്കളമാക്കിയത് നിങ്ങൾ മറന്നാലും കേരളം മറക്കില്ല.

അതേ, നിങ്ങളുടെ അതേ “ചിന്തയും വിയർപ്പും” ആണ് യൂണിവേഴ്സിറ്റി കോളജിലെ കുട്ടിസഖാക്കളെ നയിക്കുന്നത്.

ആ ചിന്തയാണ് സ്വന്തം പാർട്ടിക്കാരന്റെ നെഞ്ചിൽപ്പോലും കഠാര കയറ്റാൻ അവരെ പ്രേരിപ്പിക്കുന്നത്.

ചോര കണ്ട് അറപ്പു തീർന്ന ക്രിമിനലുകളെ വാർത്തെടുക്കുന്നത് നിങ്ങളാണ് ശ്രീരാമകൃഷ്ണൻ.
അവരെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നതും നിങ്ങളാണ്.

ഈ കാപട്യമോർത്ത് സ്വയം ശിരസു കുനിച്ച് മാപ്പപേക്ഷിക്കൂ ബഹു.സ്പീക്കർ…

ഈ മുതലക്കണ്ണീർ കേരളത്തിന് വേണ്ട….