സഭാ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കർക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമോ…?

Jaihind Webdesk
Monday, December 3, 2018

CM-note-speaker

സഭാ സമ്മേളനത്തിനിടെ മുഖ്യമന്ത്രി സ്പീക്കർക്ക് കുറിപ്പ് നൽകിയത് വിവാദമാകുന്നു. സഭ നിറുത്തിവെക്കാൻ മുഖ്യമന്ത്രി സ്പീക്കർക്ക് നിർദേശം നൽകിയെന്നാണ് വിമർശനം. കെ.ടി  ജലീൽ വിഷയം ചർച്ച ചെയ്യരുതെന്ന പിടിവാശിയാണ് മുഖ്യമന്ത്രിയെ ഇതിന് പ്രേരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മന്ത്രി ജലീലിന്‍റെ ബന്ധുനിയമനം ആണ് ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാനിരുന്നത്. ഇതില്‍ മറുപടി പറയാനില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടമെന്നും പ്രതിപക്ഷ നേതാവ്  ആരോപിച്ചു. മുഖ്യമന്ത്രിയായല്ല പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് പിണറായി വിജയന്‍ സഭയില്‍ പെരുമാറിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സഭ തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ച സ്പീക്കര്‍ പിന്നീട് മുഖ്യമന്ത്രിയ്ക്കും പ്രസംഗിക്കാന്‍ അവസരം നല്‍കി. എന്നാല്‍ രാഷ്ട്രീയമായ പ്രസംഗമായിരുന്നു മുഖ്യമന്ത്രി പിണറായി നടത്തിയത്. ഇതിന് മറുപടി പറയാന്‍ പ്രതിപക്ഷ നേതാവിനെ അനുവദിക്കാതെ പക്ഷപാതപരമായ സമീപനമായിരുന്നു സ്പീക്കര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കുറിപ്പ് ലഭിച്ചതോടെയായിരുന്നു സ്പീക്കറുടെ മനംമാറ്റം. ഇതോടെയാണ് പ്രതിപക്ഷ രോക്ഷം സഭയില്‍ കത്തിക്കയറിയത്. പിന്നീട് ഭരണപക്ഷം തന്നെ നടുത്തളത്തില്‍ ഇറങ്ങി. എന്നാല്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഭരണമുന്നണി എം.എല്‍.എമാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇടപെട്ട് തടയണ്ട എന്ന നിര്‍ദ്ദേശം നല്‍കുന്നതും ഇന്ന് നിയമസഭ കണ്ടു.  രാഷ്ട്രീയമായി നിയമസഭയെ മുഖ്യമന്ത്രി ഉപയോഗിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ സംരക്ഷിക്കേണ്ട സ്പീക്കറാകട്ടെ മുഖ്യമന്ത്രിയുടെ കുറിപ്പിന് മുന്നില്‍ നിസ്സഹായനായി നില്‍ക്കേണ്ടിവന്ന ദയനീയമായ അവസ്ഥയിലുമായിരുന്നു.[yop_poll id=2]