പാവറട്ടി കസ്റ്റഡി മരണം: എക്സൈസും വ്യാജമദ്യലോബിയുമായുള്ള ബന്ധം അന്വേഷിക്കണം : ഡി.സി.സി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍

Jaihind Webdesk
Saturday, October 5, 2019

വ്യാജ മദ്യലോബിയും എക്സൈസ് വകുപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തെളിയിക്കുന്നതാണ് എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവമെന്ന് തൃശൂര്‍ ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ. സംഭവത്തോടെ എക്സൈസും വ്യാജ മദ്യലോബിയുമായുള്ള ബന്ധം മറനീക്കി പുറത്തു വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും എക്സൈസും വ്യാജമദ്യലോബിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും ജോണ്‍ ഡാനിയല്‍ ആവശ്യപ്പെട്ടു.

പാവറട്ടിയിലെ കള്ള് ഗോഡൗണിൽ വെച്ചാണ് രഞ്ജിത്കുമാർ എന്ന യുവാവിന് ക്രൂരമർദ്ദനം ഏറ്റത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ പാവറട്ടിയിലെ കള്ള് കോൺട്രാക്ടറുടെ കള്ള് ഗോഡൗണിൽ കൊണ്ടുപോയത് എന്തിനാണെന്ന് വ്യക്തമാക്കണം. സ്പെഷ്യൽ സ്ക്വാഡിലെ അംഗങ്ങളെ കുറിച്ച് നേരത്തേയും പരാതികൾ ഉയർന്നിട്ടുണ്ട്. എക്സൈസ് വകുപ്പിലെ മർദ്ദക വീരമാരാണ് സ്പെഷ്യൽ സ്ക്വാഡിലുള്ളത്. ഇവർക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നത് ബന്ധപ്പെട്ടവർ അവസാനിപ്പിക്കണമെന്നും ജോണ്‍ ഡാനിയല്‍ ആവശ്യപ്പെട്ടു.

എക്സൈസ് വകുപ്പിന്‍റെ പ്രധാന സ്ഥാനങ്ങളിലെല്ലാം സി.പി.എം അനുഭാവികളായ യൂണിയൻ നേതാക്കളെ കുത്തി നിറച്ചിരിക്കുകയാണ്. ഇവരുടെ ഒത്താശയോടെയാണ് ജില്ലയിൽ വ്യാജമദ്യലോബി വളരുന്നത്. എക്സൈസ് വകുപ്പിന്‍റേയും വ്യാജ മദ്യലോബിയുടേയും കൂട്ടുകെട്ട് ജില്ലയിൽ വലിയ വ്യാജമദ്യ ദുരന്തത്തിന് ഇടയാക്കുംവിധം വളർന്നുകഴിഞ്ഞു. ചേർപ്പിൽ ഓണത്തലേന്ന് വ്യാജമദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ഉൾപ്പെടെ ഇപ്പോഴും കാര്യക്ഷമമായ അന്വേഷണം നടക്കാത്തത് ഈ കൂട്ടുകെട്ടിന്‍റെ ബലം കൊണ്ടാണെന്നും എക്സൈസ് മന്ത്രി ഇത്തരം കാര്യങ്ങളെ കുറിച്ച് വിവരം കിട്ടിയിട്ടും മൗനം പാലിക്കുകയാണെന്നും ജോൺ ഡാനിയൽ പറഞ്ഞു.

ജില്ലയിലെ എക്സൈസ്-വ്യാജ മദ്യലോബി ബന്ധങ്ങളെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്നും രഞ്ജിത്തിനെ മർദിച്ച് കൊന്നവർക്കെതിരെ മാതൃകാപരമായ നടപടി എടുക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.