ഹൈബിയുടെ ഭൂരിപക്ഷം 80,000 വരെ എത്താം; എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മേല്‍ക്കൈ: യുഡിഎഫ് അവലോകന യോഗം

Jaihind Webdesk
Friday, April 26, 2019

കൊച്ചി: എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ കുറഞ്ഞത് 50000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് യു.ഡി.എഫ് അവലോകന യോഗത്തില്‍ കണക്കുകൂട്ടല്‍. ഹൈബിയുടെ ഭൂരിപക്ഷം എണ്‍പതിനായിരം വരെ എത്തിയേക്കാമെന്നും വിലയിരുത്തുന്നു.
പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നു മാത്രം ഹൈബി ഈഡനു പതിനൊന്നായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് അവിടെ നിന്നുള്ള നേതാക്കള്‍ അവലോകന യോഗത്തില്‍ അവകാശപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നഷ്ടപ്പെട്ട തൃപ്പൂണിത്തുറയില്‍ സാഹചര്യം മാറിയെന്നും ഹൈബിക്കു മൂവായിരം വോട്ടിന്റെ മേല്‍ക്കൈ ഉണ്ടാവുമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു.
കൊച്ചിയില്‍ യുഡിഎഫിന് ഇരുപതിനായിരം മുതല്‍ 28,000 വോട്ടിന്റെ ഭൂരിപക്ഷം നേടാനാവുമെന്ന് നേതാക്കള്‍ പറയുന്നു. ഹൈബി സിറ്റിങ് എംഎല്‍എയായ എറണാകുളത്ത് പന്ത്രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹൈബിയുടെ ഭൂരിപക്ഷം 22,000 വോട്ട് ആയിരുന്നു.
തൃക്കാക്കര, വൈപ്പിന്‍ മണ്ഡലങ്ങളിലും വ്യക്തമായ മേല്‍ക്കൈ നേടാനാവുമെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. ചുരുങ്ങിയത് അന്‍പതിനായിരം വോട്ടിന്റെ വിജയം ഹൈബിക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷം എണ്‍പതിനായിരം വരെ എത്താമെന്നും നേതാക്കള്‍ പറയുന്നു.