കപ്പൽ പുന: ചംക്രമണ ബിൽ 2019 അധാർമ്മികവും അനവസരത്തിലുള്ളതും അനാവശ്യവുമാണെന്ന് ഹൈബി ഈഡൻ

Jaihind News Bureau
Tuesday, December 3, 2019

കേന്ദ്ര സർക്കാരിനു വേണ്ടി ഷിപ്പിംഗ് വകുപ്പ് മന്ത്രി മാൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ അവതരിപ്പിച്ച കപ്പൽ പുന: ചംക്രമണ ബിൽ 2019 അധാർമ്മികവും അനവസരത്തിലുള്ളതും അനാവശ്യവുമാണെന്ന് ഹൈബി ഈഡൻ എം പി ലോക് സഭയിൽ പറഞ്ഞു. ഗ്രീൻപീസ് ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള ഈ നിയമ നിർമ്മാണം തീരദേശ പരിസ്ഥിതിയെ തകിടംമറിക്കുന്നതും , മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതം പോലും പ്രതിസന്ധിയിലാക്കുന്നതും ആണ്.

കപ്പൽ ഉടമകളുടെ ആവശ്യപ്രകാരം അനർഹമായ നേട്ടത്തിന് അതിന് അവരെ പ്രാപ്തരാക്കുന്ന ഒരു നിയമം ആയിരിക്കും ഇത്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെയും, തീരദേശ പരിസ്ഥിതിയേയും, ആവാസവ്യവസ്ഥയെയും ശുദ്ധജലത്തെയും, തൊഴിൽ ശക്തിയേയും നശിപ്പിക്കാൻ മാത്രമുതകുന്ന ഇത്തരമൊരു നിയമനിർമാണത്തിന് വേണ്ടി വൻ ലോബിയിംഗ് ആണ് നടന്നുവരുന്നത്. അപകടകരമായ കപ്പൽ പൊളിക്കുന്നത് തടയാൻ വ്യക്തമായ വ്യവസ്ഥകൾ പോലും ഇല്ലാത്തതാണ്‌ ഈ ബിൽ.

വികസിത രാജ്യങ്ങൾ നടപ്പാക്കാൻ മടിക്കുന്ന ഇത്തരമൊരു നിയമം , മൂന്നാം ലോക രാജ്യങ്ങളും വികസ്വര രാജ്യങ്ങളും നിർമ്മിക്കാൻ ഇറങ്ങുന്നത് ദൗർഭാഗ്യകരമാണ്. പുതിയ തൊഴിലവസരങ്ങൾ പ്രധാനമാണെങ്കിലും , തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്നപേരിൽ നാടിന്റെ മുഴുവൻ നന്മയും നശിപ്പിക്കപ്പെടാൻ ആയിരിക്കും ഈ ബിൽ സഹായകമാവുക.

ഹോങ്കോങ് കൺവെൻഷന്റെ മറ പിടിച്ച് തിടുക്കപ്പെട്ട്, തിരക്കുകൂട്ടി ഒരു ബിൽ അതിവേഗത്തിൽ അവതരിപ്പിച്ച്, എത്രയും വേഗം പാസാക്കി എടുക്കുന്നത് തന്നെ ദുരൂഹമാണ്. വെളിപ്പെടുത്താത്ത ലക്ഷ്യങ്ങൾ ഈ നിയമനിർമ്മാണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. ചൈന, ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങി ഹോങ്കോങ് കൺവെൻഷന്റെ ഭാഗമല്ലാത്ത രാജ്യങ്ങൾക്ക് ആയിരിക്കും ഇന്ത്യയുടെ നിയമ നിർമ്മാണം പ്രയോജനപ്പെടുന്നത്. ഇക്കാരണങ്ങളാൽ ഈ ബിൽ പിൻവലിക്കുകയാണ് വേണ്ടതെന്നും എം പി പറഞ്ഞു.

കപ്പൽ പുന:ചംക്രമണ ബില്ലിന്മേലുള്ള ചർച്ചകൾക്ക് തുടക്കമിട്ടു കൊണ്ട് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹൈബി ഈഡൻ എംപി.