ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ വീഴ്ചകള്‍ സഭയില്‍ അവതരിപ്പിച്ച് ഹൈബി ഈഡന്‍ എം.പി

Jaihind News Bureau
Monday, December 2, 2019

ആരോഗ്യ രംഗത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ട ഒരു സർക്കാരിന്‍റെ വൻവീഴ്ച ഒറ്റയടിക്ക് മറച്ചുവെക്കുന്നതിനുള്ള കൺകെട്ട് വിദ്യയായി ആയുഷ്മാൻ ഭാരത് പദ്ധതി അധഃപതിച്ചതായി ഹൈബി ഈഡൻ എം.പി ലോക്സഭയിൽ. ലോക്സഭാ നടപടി ചട്ടം 377 പ്രകാരമാണ് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ വീഴ്ചകൾ സ്പീക്കറുടെ പ്രത്യേക അനുമതിയോടെ സഭയിൽ അവതരിപ്പിച്ചത്.

പൊതുമുതലിൽ നിന്നുള്ള വിഭവ വകയിരുത്തലിലൂടെയും സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലൂടെയുമാണ് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ആയുഷ്മാന്‍ ഭാരത് പദ്ധതി മുന്നോട്ടു പോകുന്നതെന്ന് സർക്കാരിന്‍റെ തന്നെ ഭാഗമായ നീതി ആയോഗിന്‍റെ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ രംഗത്തെ വിദഗ്ധരും ഇതുതന്നെയാണ് കാലങ്ങളായി പറഞ്ഞുവരുന്നത്. ഈ പദ്ധതിയിൽപ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണം വളരെ കൂടുതലും, പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം താരതമ്യേന കുറവുമാണ്. ഒരു വർഷക്കാലയളവ് കൊണ്ടുതന്നെ 16 സംസ്ഥാനങ്ങളിലായി പദ്ധതിക്ക് കീഴിലുള്ള 341 ആശുപത്രികളിൽ ചികിത്സാ സഹായ തട്ടിപ്പുകൾ അരങ്ങേറുകയുണ്ടായി. സ്വകാര്യമേഖലയിലെ വിശ്വാസ്യത ഇല്ലാത്ത ഏതാനും ചില സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇതുകൊണ്ട് പ്രയോജനം എന്ന സ്ഥിതിയാണുള്ളതെന്നും ഹൈബി ഈഡന്‍ എം.പി ചൂണ്ടിക്കാട്ടി. 15 ശതമാനം ഫീസ് ഈടാക്കി സർക്കാരിനും സർക്കാരാശുപത്രികൾക്കുമിടയിൽ പോലും നില്ക്കുന്ന ഇൻഷുറൻസ് കമ്പനികൾക്കാണ്‌ രണ്ടാമത്തെ പ്രയോജനമെന്നും അദ്ദേഹം പറഞ്ഞു.

ദരിദ്രരെ ലക്ഷ്യമിടുന്നു എന്ന ലക്ഷ്യം പ്രാപിച്ചിട്ടില്ലാത്ത അവകാശവാദം മുന്നോട്ടു വെക്കുമ്പോൾ തന്നെ, സ്വന്തം നിലയിൽ ചികിത്സ നടത്താൻ ശേഷിയില്ലാത്ത ജനസംഖ്യയിലെ ബഹുഭൂരിപക്ഷം വരുന്ന മധ്യവർഗത്തിന്‍റെ സൗജന്യ ചികിത്സയെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടേയില്ല. രാജ്യത്ത് പകുതിയോളം പേർക്കും ഒരു ചികിത്സാ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കുന്നില്ല എന്ന നീതി ആയോഗ് റിപ്പോർട്ട് പരിഗണിച്ച്, പരമാവധി പേരിലേക്ക് ആവുന്നത്ര വേഗത്തിൽ സൗജന്യ ചികിത്സ എത്തിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും, പ്രഖ്യാപനങ്ങളോടുള്ള ആത്മാർത്ഥത അവ നടപ്പാക്കി വേണം തെളിയിക്കേണ്ടത്എന്നും ഹൈബി ഈഡൻ എം.പി ലോക്സഭയിൽ പറഞ്ഞു.