വോട്ടെടുപ്പ് : തലേ ദിവസവും അവധി നൽകുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

Jaihind Webdesk
Saturday, April 20, 2019

സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ 23ന് പുറമെ, തലേ ദിവസവും അവധി നൽകുന്ന കാര്യത്തിൽ സർക്കാർ ഇന്ന് തീരുമാനമെടുക്കും. അതേസമയം സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 22ന് അവധിയായിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങും.

സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും 22ന് അവധി നൽകുന്ന കാര്യത്തിൽ സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ കഴിഞ്ഞ ദിവസം പൊതുഭരണവകുപ്പ് സെക്രട്ടറിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ച കൂടി അവധി നൽകിയാൽ ദുഃഖ വെള്ളിയും ഈസ്റ്ററും പ്രമാണിച്ച് നാട്ടിലേക്ക് പോയവർക്ക് വോട്ടെടുപ്പ് കഴിഞ്ഞ് ബുധനാഴ്ച മടങ്ങിയെത്തിയാൽ മതിയാവും.

എന്നാൽ തിങ്കളാഴ്ച പ്രവൃത്തി ദിവസമായാൽ നാട്ടിൽ നിന്ന് മടങ്ങിയെത്തുന്ന പലരും ചൊവ്വാഴ്ച വോട്ട് ചെയ്യാൻ പോകില്ലെന്നും ഇത് വോട്ടിംഗ് ശതമാനത്തെ ബാധിക്കുമെന്നും സർവീസ് സംഘടനകളുൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാട് തേടുകയായിരുന്നു.

മദ്ധ്യവേനൽ അവധിയായതിനാൽ പരീക്ഷകൾ മാത്രമാണ് മാറ്റിവയ്‌ക്കേണ്ടി വരുക.  നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്സ് ആക്ട് പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും 23ന് അവധി അനുവദിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കിയിട്ടുണ്ട്.