സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം ; അഞ്ച് മണ്ഡലങ്ങള്‍ നാളെ വിധിയെഴുതും

Jaihind News Bureau
Sunday, October 20, 2019

സംസ്ഥാനത്ത് നാളെ അഞ്ച് മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം അവസാനിച്ചതോടെ നിശബ്ദപ്രചാരണത്തിന്‍റെ തിരക്കിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. നാല് സിറ്റിംഗ് സീറ്റുകളുൾപ്പെടെ അഞ്ച് മണ്ഡലവും നേടാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം.

ആവേശോജ്വലമായ കൊട്ടിക്കലാശത്തിന് ശേഷം നിശബ്ദ പ്രചാരണത്തില്‍ തിരക്കിട്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. ഒരു മാസം പോലും ഇത്തവണ പ്രചാരണത്തിനായി രാഷ്ട്രീയ പാർട്ടികള്‍ക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇതുവരെ കാണാത്ത വീറും വാശിയുമായിരുന്നു പ്രചാരണ രംഗത്ത് പ്രകടമായത്. സംസ്ഥാന സർക്കാരിന്‍റെ അഴിമതികളും ജനദ്രോഹ നയങ്ങളും യു.ഡി.എഫ് പ്രചാരണ രംഗത്ത് ഉയർത്തിക്കാട്ടിയിരുന്നു. പി.എസ്.സി പരീക്ഷാ ക്രമക്കേട്, സർക്കാരിന്‍റെ ധൂർത്ത് തുടങ്ങിയ വിഷയങ്ങളെല്ലാം പിണറായി സർക്കാരിനെതിരായ കുറ്റപത്രമായി യു.ഡി.എഫ് അവതരിപ്പിച്ചു.

ഏറ്റവും ഒടുവില്‍ പുറത്തുവന്ന മാർക്ക്ദാന വിവാദവും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ആയുധമാക്കി. കൂടാതെ ശബരിമല വിഷയത്തില്‍ സർക്കാരിന്‍റെ നിലപാട് ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നത്. അതേസമയം മൂന്നരവർഷക്കാലത്തെ ഭരണത്തില്‍ എടുത്തുപറയാന്‍ നേട്ടങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ രാഷ്ട്രീയം പറയാതെ പാലായിലെ വിജയം മാത്രം പറഞ്ഞുള്ള പ്രവര്‍ത്തനമായിരുന്നു എല്‍.ഡി.എഫ് നടത്തിയത്. അത് എത്രത്തോളെ തെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്ന് കണ്ടറിയണം. എന്നാല്‍ മാര്‍ക്ക് ദാന വിവാദത്തില്‍ കൂടുതല്‍ തെളിവുകള്‍ കൂടി പുറത്തുവന്നതോടെ പ്രതിരോധം തീർക്കാന്‍ കഴിയാത്തതിന്‍റെ ആശങ്കയും ഇടതുമുന്നണിക്കുണ്ട്.

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ആത്മവിശ്വാസം എന്‍.ഡി.എ നേതൃത്വത്തിനുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിർണയത്തിലെ പാളിച്ചകളും മറ്റും കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ തവണ ലഭിച്ച വോട്ട് പോലും ഇത്തവണ ലഭിക്കില്ലെന്ന വസ്തുതയും എന്‍.ഡി.എയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലും യു.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റുകളാണ്. അരൂര്‍ മാത്രമാണ് എല്‍.ഡി.എഫിന്‍റേതായിട്ടുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. അങ്ങനെയെങ്കില്‍ അരൂര്‍ കൂടി പിടിച്ചെടുത്ത് സമ്പൂർണ വിജയം നേടാനാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പ് കണക്കുകൂട്ടുന്നത്.