വിധി കാത്ത് പാലാ… വോട്ടെണ്ണൽ 8 മണിക്ക്; ആദ്യഫല സൂചനകൾ 8.30 യോടെ

Jaihind News Bureau
Friday, September 27, 2019

കെ.എം. മാണിയുടെ പിൻഗാമിയെ വരവേൽക്കാൻ പാലാ ഒരുങ്ങി. പാലാ ഉപതെരഞ്ഞടുപ്പിലെ വോട്ടെണ്ണൽ ഇന്ന്. പാലാ കാർമൽ സ്‌കൂളിലാണ് വോട്ടെണ്ണൽ. രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്‍റെ ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാം. ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗാണ് പാലായിൽ രേഖപ്പെടുത്തിയത്. 14 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടക്കുക.

പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളും. ആദ്യ ലീഡ് എട്ടരയോടെ പുറത്ത് വരും. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 14 ടേബിളുകളിലായാണ് എണ്ണുക. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് പ്രതിനിധീകരിക്കുമെന്ന് അറിയാം.

വിശദാംശങ്ങൾ ജയ്ഹിന്ദിൽ തത്സമയം അറിയാം.