പാലക്കാട്ടെ പ്രളയബാധിതരെ അവഗണിച്ച് സര്‍ക്കാര്‍

Jaihind Webdesk
Friday, September 28, 2018

പാലക്കാട് നെന്മാറ അളവുശേരിയിലെ പ്രളയബാധിതരായ പതിനൊന്നോളം കുടുംബങ്ങളെ അവഗണിച്ച് സർക്കാർ. പ്രളയ ബാധിതരുടെ പട്ടികയിൽ കുടുംബങ്ങളുടെ പേരില്ല. അതിനാൽ ധനസഹായം നല്‍കാൻ കഴിയില്ലെന്ന നിലപാടിലാണ് കളക്ടർ ഉൾപ്പെടെയുള്ള അധികൃതർ.

അളവുശേരിയിലുണ്ടായ ഉരുൾപൊട്ടലിൽ പത്ത് പേരാണ് മരിച്ചിരുന്നത്. തുടർന്ന് അപകട മേഖലയിലെ പതിനൊന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കുടുംബങ്ങളെയാണ് സർക്കാർ ഇപ്പോൾ പൂർണമായും അവഗണിച്ചിരിക്കുന്നത്. ജില്ലയിലെ പ്രളയബാധിതരുടെ പട്ടികയിൽ ഈ കുടുംബങ്ങളിലെ ആരും തന്നെ ഇല്ല.
അതുകൊണ്ടുതന്നെ ആദ്യ ധനസഹായമായ പതിനായിരം രൂപ നല്‍കാൻ കഴിയില്ലെന്നാണ് കളക്ടർ ഉൾപ്പെടെയുള്ളവർ പറയുന്നത്. കൂടാതെ പ്രളയബാധിതരുടെ പട്ടികയിൽ പേരില്ലാത്ത വിവരം പുറത്ത് പറയരുതെന്ന് നെന്മാറ എം.എൽ.എ കെ ബാബു ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടതായും കുടുംബങ്ങൾ പറയുന്നു.

അനർഹരായ നിരവധിയാളുകൾക്ക് ധനസഹായം നല്‍കുമ്പോഴാണ് ഇവിടെ സർക്കാർ അർഹരായവരെ തഴഞ്ഞിരിക്കുന്നത്.