കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി : വിടുതല്‍ ഹർജി കോടതി തള്ളി ; വിചാരണ നേരിടണം

Jaihind News Bureau
Monday, March 16, 2020

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. വിചാരണ കൂടാതെ കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ നൽകിയ വിടുതൽ ഹർജി കോടതി തള്ളി. വിചാരണ നേരിടണമെന്നും കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി പറഞ്ഞു. മാധ്യമങ്ങളെ വിലക്കണമെന്ന ഫ്രാങ്കോയുടെ ഹർജി 24 ലേക്ക് മാറ്റി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

വിചാരണ കൂടാതെ കേസിൽ നിന്നും ഒഴിവാക്കണമെന്നായിരുന്നു ഫ്രാങ്കോയുടെ ഹർജിയിലെ ആവശ്യം. എന്നാൽ വിടുതൽ ഹർജി തള്ളിയ കോടതി ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്നും പറഞ്ഞു. കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന വകുപ്പുകളെല്ലാം നിലനിൽക്കും.  മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് പ്രതിയായ ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ 5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്.

അതേ സമയം കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്ന ഹർജി കോടതി 24 ലേക്ക് മാറ്റി. അപകീർത്തിപരമായ രീതിയിൽ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു എന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന ആക്ഷേപം. രഹസ്യമായാണ് കോടതി ഇപ്പോൾ കേസിൽ വാദം കേൾക്കുന്നത്. മുതിർന്ന അഭിഭാഷകനായ രാമൻപിള്ളയാണ് ഫ്രാങ്കോ മുളയ്ക്കലിനായി ഹാജരായത്. കഴിഞ്ഞ 6 തവണയും കേസ് പരിഗണിച്ചപ്പോൾ ഫ്രാങ്കോ കോടതിയിൽ ഹാജരായിരുന്നില്ല. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും രഹസ്യമൊഴി രേഖപ്പെടുത്തിയ 7 മജിസ്‌ട്രേറ്റുമാരും കേസിൽ പ്രധാന സാക്ഷികളാണ്.