പഞ്ചാബിൽ മരിച്ച മലയാളി വൈദികന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്

Jaihind Webdesk
Tuesday, October 23, 2018

പഞ്ചാബിൽ മരിച്ച മലയാളി വൈദികൻ ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. വൈദികന്റെ ബന്ധുക്കൾ മരണം നടന്ന
ദസൂയയിൽ എത്തിയ ശേഷമാണ് പോസ്റ്റ്‌മോർട്ടം നടപടികൾ.

മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് പൊലീസ് പോസ്റ്റ്‌മോർട്ടം മാറ്റിവച്ചത്.

ഹോഷിയാപൂർ ജില്ലയിൽപെട്ട ദസൂയയിലെ സിവിൽ ഹോസ്പിറ്റലിലാണു ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കേരളത്തിൽനിന്നു സഹോദരനടക്കമുള്ള ബന്ധുക്കൾ പഞ്ചാബിൽ എത്തിയശേഷമേ പോസ്റ്റ്‌മോർട്ടം നടത്തൂ എന്നായിരുന്നു പഞ്ചാബ് പൊലീസിന്‍റെ അറിയിപ്പ്.

ഇന്നലെ രാവിലെ 10 മണിയോടെ ദസൂയ സെന്‍റ് പോൾസ് പള്ളിക്കു സമീപത്തുള്ള സ്വന്തം മുറിയിലാണു വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ ഛർദ്ദിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിനു സമീപത്തുനിന്നു രക്തസമ്മർദ്ദത്തിന്‍റെ ഗുളികളും പൊലീസ് കണ്ടെടുത്തു. നിലവിൽ മരണത്തിൽ അസ്വഭാവികതയില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷം ഗൗരവമുണ്ടെങ്കിൽ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പഞ്ചാബ് പൊലീസിന്‍റെ നിലപാട്.

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ ഫാദർ കുര്യാക്കോസ് കാട്ടുതറ മൊഴി നൽകിയിരുന്നു. തന്‍റെ ജീവനു ഭീഷണിയുള്ളതായി വൈദികൻ ബന്ധുക്കളോടും സഹപ്രവർത്തകരോടും ആശങ്കപ്പെട്ടിരുന്നതായാണു വിവരം. അതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളുടെ ആരോപണം. ഈ പശ്ചാത്തലത്തിൽ പോസ്റ്റുമോർട്ടത്തിനായി ഡോക്ടർമാരുടെ ബോർഡ് രൂപീകരിക്കാനും പൊലീസ് നിർദേശിച്ചിട്ടുണ്ട്.