കാലവർഷം ഇത്തവണയും ശക്തമായിരിക്കുമെന്ന് മുന്നറിയിപ്പ് : മഹാപ്രളയ ബാധിതര്‍ കടുത്ത ആശങ്കയില്‍

Jaihind Webdesk
Monday, June 10, 2019

Flood-Kerala-2

കാലവർഷം ഇത്തവണയും ശക്തമായിരിക്കുമെന്ന മുന്നറിയിപ്പുകൾ കഴിഞ്ഞ മഹാപ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവരെ കടുത്ത ആശങ്കയിലാക്കുന്നു. മലയാളികളും അല്ലാത്തവരും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ദുരിതബാധിതരെ കൈപിടിച്ചുയർത്താനായി നൽകിയ പണത്തിന്‍റെ പകുതി പോലും ചെലവഴിക്കാതെ സംസ്ഥാന സർക്കാർ ഇപ്പോഴും അനാസ്ഥ തുടരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിഞ്ഞ ദിവസം വരെ ആകെ ലഭിച്ചത് 4192.19 കോടി രൂപയാണ്. ഇതിൽ പ്രളയപുനരധിവാസ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചത് 1917.97 കോടി രൂപ മാത്രം. അതായത് ലഭിച്ച തുകയുടെ പകുതി പോലും ചെലവഴിക്കാൻ സർക്കാരിനായില്ല.

7.37 ലക്ഷം പേർക്ക് അടിയന്തര ദുരിതാശ്വാസ സഹായത്തിന് 457. 65 കോടി, 2,47,897 വീടുകളുടെ പുനർനിർമാണത്തിന് 1,318.61 കോടി, സഹകരണ വകുപ്പിന്‍റെ കെയർ ഹോം പദ്ധതിക്ക് 44.98 കോടി, കാർഷിക വായ്പകൾക്കായി 54 കോടി, സിവിൽ സപ്ലൈസ് വകുപ്പിന് 8,54,985 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിന് 42.73 കോടി എന്നിങ്ങനെയാണ് ചെലവഴിച്ച തുക.

മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു മാസക്കാലയളവിൽ മൂന്ന് പ്രളയദുരന്തങ്ങളെ അതിജീവിക്കേണ്ടി വന്ന ജനതയാണ് കുട്ടനാട്ടുകാർ. കഴിഞ്ഞ വർഷം ജൂലൈ 16 മുതൽ ആഗസ്ത് 16 വരെയായിരുന്നു കുട്ടനാട്ടിലെ പ്രളയക്കെടുതി. പൂർണമായും ഉപയോഗ ശൂന്യമായി വീടുകൾ പുനർനിർമിക്കുന്നതിന് യഥാസമയം പണം അനുവദിക്കുന്നതിൽ പോലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടതാണ് ദുരിതബാധിതരെ പേടിപ്പെടുത്തുന്നത് . മഴ ശക്തമായി പെയ്യുമെന്ന മുന്നറിയിപ്പ് വന്നതോടെ പ്രളയ കെടുതിയിൽ അകപ്പെട്ടവർ കടുത്ത ആശങ്കയിലാണ്. വീടുകൾ തകർച്ചാ ഭീഷണയിലാണ്. പുനർനിർമാണം പലയിടങ്ങളിലും പാതിവഴിയിലും.

ഒന്നും രണ്ടും ഘട്ടം ധനസഹായം മാത്രമാണ് വീടുകൾ പൂർണമായും തകർന്നവരിൽ ബഹുഭൂരിപക്ഷത്തിനും ലഭിച്ചത്. രണ്ടു ഘട്ടം കൂടി ലഭിക്കാനുണ്ട്. പല വീടുകളുടെയും നിർമാണം അടിത്തറ വരെ മാത്രമെ ആയിട്ടുള്ളു. ഈ സാഹചര്യത്തിൽ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ട ഗതികേടിലാണ് ഭൂരിപക്ഷം ജനങ്ങളും.