3000 ഏറ്റുമുട്ടലുകള്‍; 78 കൊലപാതകങ്ങള്‍; യോഗിയുടെ 16 മാസങ്ങളിലെ ‘നേട്ടങ്ങളുമായി’ യു.പി സര്‍ക്കാര്‍

Jaihind Webdesk
Friday, January 25, 2019

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറെയിട്ട് ആദ്യ 16 മാസം കൊണ്ട് 3000 ഏറ്റുമുട്ടലുകളും 78 കൊലപാതകങ്ങളും നടത്തിയിട്ടുണ്ടെന്ന് കണക്ക്. സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് റിപ്പബ്ലിക് ദിനത്തില്‍ പ്രസിദ്ധീകരിക്കാന്‍ ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ചുളള കണക്കുളളത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ യോഗിസര്‍ക്കാരിന്റെ പ്രധാന നേട്ടമായാണ് റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നത്. 2018 ജൂലൈ വരെ 3026 ഏറ്റുമുട്ടലുകള്‍ നടന്നു. ഇതില്‍ 69 പേരെ കൊന്നു. 838 പേര്‍ക്ക് പരിക്കേറ്റു. 7043 ക്രിമിനലുകളെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് പ്രകാരം ശരാശരി ഒരു ദിവസം ആറ് ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. ഓരോ മാസവും ഒരാളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 14 ക്രിമിനലുകളെ ഒരു ദിവസം അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന റിപ്പോര്‍ട്ടില്‍ 17 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും 109 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും യോഗി സര്‍ക്കാര്‍ പറഞ്ഞിരുന്നു. യുപിയില്‍ മാത്രം 7043 പേരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുളളത്. കുറ്റകൃത്യങ്ങളെ തടയുന്നതിനായി സംസ്ഥാന വ്യാപകമായി ക്രിമിനലുകള്‍ക്ക് വേണ്ടി നടത്തിയ തിരച്ചില്‍ ഗുണം ചെയ്‌തെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര പാണ്ഡെ ജില്ലാ കളക്ടര്‍മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ആക്രമണങ്ങളില്‍ 838 ക്രിമിനലുകള്‍ക്ക് പരിക്കേറ്റെന്നും 11981 പേരുടെ ജാമ്യം റദ്ദാക്കപ്പെട്ടെന്നും സര്‍ക്കാര്‍ പറയുന്നു.

യുപിയിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് എതിരെ സുപ്രീംകോടതി തന്നെ വിമര്‍ശനമുന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് റിപ്പബ്ലിക് ദിനത്തില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നേട്ടമായി യോഗി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഗുരുതരമാണെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്. കേസില്‍ സര്‍ക്കാരിന് കോടതി നോട്ടീസയക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ പൊലീസ് എന്‍കൗണ്ടറുകളില്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് സുപ്രീംകോടതി വിമര്‍ശനംകേസ് ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും