അപകടസമയത്ത് ബാലഭാസ്‌കറിന്‍റെ വണ്ടി ഓടിച്ചത് അർജുനാകാമെന്ന് വിദഗ്ധ സമിതി

Jaihind Webdesk
Sunday, June 9, 2019

അപകടസമയത്ത് വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ വണ്ടി ഓടിച്ചത് അർജുനാകാമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. അർജനുണ്ടായത് ഡ്രൈവർക്കുണ്ടാകുന്ന പരിക്കുകളെന്നും വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ഇത് ശരിവയ്ക്കുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ഫൊറൻസിക് റിപ്പോർട്ടിൽ ബാലഭാസ്‌ക്കറിന്‍റെ പരിക്കുകൾ പിൻസീറ്റിലെ യാത്രക്കാരന്‍റേതാകാനാണ് സാധ്യതയെന്ന് ഡോക്ടർമാർ വിശദമാക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് മേധാവി ഡോക്ടർ ശശികലയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് നൽകിയത്.

അതേസമയം കാറിൽ നിന്നുമെടുത്ത സ്വർണവും പണവും തങ്ങളുടേതെന്ന് ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി നൽകി. വീട്ടിൽ വച്ചാൽ സുരക്ഷിതമല്ലാത്തതിനാലാണ് സ്വർണം യാത്രയിൽ കൈയിൽ കരുതിയെന്ന് ലക്ഷ്മി മൊഴി നൽകി.

അപകടമുണ്ടായപ്പോൾ ബാലഭാസ്‌കറിന്‍റെ വാഹനം ഓടിച്ചത് അർജുനാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി പ്രകാശ് തമ്പി നേരത്തെ പറഞ്ഞിരുന്നു. ആശുപത്രിയിൽ കിടന്നപ്പോൾ ഇക്കാര്യം അർജ്ജുൻ തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ മൊഴി മാറ്റിയ ശേഷം അർജ്ജുൻ തന്നെ പിന്നെ വിളിച്ചിട്ടില്ലെന്നുമായിരുന്നു പ്രകാശ് തമ്പിയുടെ മൊഴി.